കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീരാവിൽ പാലത്തിന് സമീപം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം സർവീസ് റോഡുകൾ നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കളക്ടർക്കും കത്തയയ്ക്കാൻ മേയർ പ്രസന്ന ഏണസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കുരീപ്പുഴ, കടവൂർ ഡിവിഷനുകളിലെ ഓടകൾ ശാസ്ത്രീയമായി ബന്ധിപ്പിച്ചുകൊണ്ട് നിർമ്മാണം നടത്താൻ മേയറുടെ നേതൃത്വത്തിൽ ദേശീയപാത അതോറിട്ടി അധികൃതർ, ശിവാലയ കമ്പനി പ്രതിനിധികൾ, കോർപ്പറേഷൻ എൻജിനീയർമാർ, പൊതുമരാമത്ത് ദേശീയപാതവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിക്കും. യോഗത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർമാരായ എൽ. സിന്ധുറാണി, ഗിരിജ തുളസി, ഗിരിജ സന്തോഷ്, നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ ലെയ്‌സൺ ഓഫീസർ എം.കെ. റഹ്മാൻ, പൊതുമരാമത്ത് എൻ.എച്ച് എക്സിക്യുട്ടിവ് എൻജിനീയർ ജോൺ കെന്നത്ത്, ശിവാലയ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ. അമാൻ, കെ.ബി. ജോയി, ഗോപാലകൃഷ്‌ണൻ, എസ്. ശിവപ്രസാദ്, അനിൽകുമാർ, കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ സുനിത എന്നിവർ പങ്കെടുത്തു.