കൊല്ലം: നഗരത്തിലെ റോഡുകൾ ആധുനിക നിലവാരത്തിൽ വികസിപ്പിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പണമില്ലാതെ സ്തംഭനത്തിൽ. പദ്ധതിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുറപ്പെടുവിച്ച ഭരണാനുമതി ഉത്തരവിൽ, സ്ഥലമേറ്റെടുക്കൽ തഹസിൽദാരുടെ 'ഹെഡ് ഒഫ് അക്കൗണ്ട്' ആണ് പണം കൈമാറുന്നതിനായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാർച്ച് രണ്ടാംവാരം പദ്ധതിക്ക് സംസ്ഥാന സർക്കാർ 436.15 കോടിയുടെ ഭരണാനുമതി നൽകി. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും സ്ഥലമേറ്റെടുക്കൽ തഹസിൽദാർക്കോ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിനോ (കെ.ആർ.എഫ്.ബി) പണം കൈമാറിയിട്ടില്ല.
ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മേവറം- കാവനാട്, ഡീസന്റ് ജംഗ്ഷൻ- റെയിൽവേ സ്റ്റേഷൻ, തിരുമുല്ലാവാരം- കച്ചേരി ജംഗ്ഷൻ എന്നീ റോഡുകളുടെ വികസനത്തിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികളാണ് നടക്കേണ്ടത്. ഇതിനായി ആകെ ഏറ്റെടുക്കേണ്ടത് 8.341 ഹെക്ടറാണ്. സ്ഥലമേറ്റെടുക്കൽ തഹസിൽദാർ ഓഫീസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശദമായ സർവേയിലൂടെ, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ കൃത്യമായ അളവ് കണക്കാക്കണം. ഇതിനും തുടർ നടപടികൾക്കമുള്ള ചെലവായ കണ്ടിൻജൻസി ചാർജ്ജ് അനുവദിച്ചെങ്കിൽ മാത്രമേ സ്ഥലമേറ്റെടുക്കൽ തഹസിൽദാർ സർവേ ആരംഭിക്കുകയുള്ളൂ.
15 വർഷത്തെ പരിപാലനം
11.5 മീറ്റർ മുതൽ 20.2 മീറ്റർ വരെ വീതിയിൽ മേവറം- കാവനാട് റോഡ് വികസനം. റെയിൽവേ സ്റ്റേഷൻ- ഡീസന്റ് ജംഗ്ഷൻ റോഡ് 11.5 മുതൽ 22 മീറ്റർ വരെ വീതിയിലും തിരുമുല്ലാവാരം- കല്ലുപാലം- കച്ചേരി ജംഗ്ഷൻ റോഡ് 11.5 മീറ്ററിലും വികസിപ്പിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണ ചുമതല. നിർമ്മാണത്തിന് പുറമേ 15 വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുത്തിയാകും കരാർ. നവീകരിക്കുന്ന റോഡിലുടനീളം ഇരുവശങ്ങളിലും നടപ്പാത, തെരുവ് വിളക്ക്, മീഡിയൻ, ഹാൻഡ്റെയിൽ, ഓട, വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ, റൗണ്ട് എബൗട്ട് എന്നിവയും.
റോഡുകൾ, നീളം, ഏറ്റെടുക്കുന്ന ഭൂമി, അനുവദിച്ച തുക
മേവറം മുതൽ കാവനാട് വരെ:13.15 കി. മീ, 1423 സെന്റ്, 325.52 കോടി
റെയിൽവേ സ്റ്റേഷൻ- ഡീസന്റ് മുക്ക് റോഡ്: 6.3 കി.മീ, 248.64 സെന്റ്, 41.41 കോടി
തിരുമുല്ലാവാരം- കച്ചേരി ജംഗ്ഷൻ റോഡ്: 4.31 കി.മീ, 396.69 സെന്റ് , 68.72 കോടി
...................................
ആകെ ഏറ്റെടുക്കേണ്ട ഭൂമി - 8.341 ഹെക്ടർ