കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ ഹൃദ്രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം നിറുത്തുന്നതിനെ തുടർന്ന് നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ചികിത്സ മുടങ്ങാതിരിക്കാൻ കൊല്ലത്തെ ഹൃദ്രോഗ ചികിത്സയുള്ള നാല് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഇ.എസ്.ഐയുടെ പാനലിൽ ഉൾപ്പെടുത്തി. കൂടാതെ താത്കാലികമായി റഫറൽ സംവിധാനത്തിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. സ്ഥിരം സംവിധാനമെന്നുള്ള നിലയിൽ പ്രൈവറ്റ് പങ്കാളിത്തം ഒഴിവാക്കി ഇ.എസ്.ഐ നേരിട്ട് കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരെ നിയമിക്കുന്നതിനും ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നതായും ഇ.എസ്.ഐ അധികൃതർ അറിയിച്ചതായി എം.പി പറഞ്ഞു.
പ്രവർത്തിച്ചത് സാക്ഷ്യപത്രം ഇല്ലാതെ
ചികിത്സ നടത്തിയിരുന്നത് പബ്ലിക്, പ്രൈവറ്റ് പാർട്ടിസിപ്പേഷനിൽ
കാത്ത് ലാബ് ഉപകരണങ്ങൾ റേഡിയേഷൻ ഉണ്ടാക്കുന്നത്
ഇവയ്ക്ക് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ സാക്ഷ്യപത്രം വേണം
നിലവിൽ കരാർ ഒപ്പിട്ടിട്ടുള്ള ആശുപത്രി നിബന്ധന പാലിച്ചില്ല
ചികിത്സ നിയമപരമല്ലാത്തതിനാൽ കാർഡിയോളജി യൂണിറ്റ് നിറുത്തേണ്ടിവന്നു
ഹൃദ്രോഗ ചികിത്സയ്ക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള കൊല്ലത്തെ തന്നെ നാല് ആശുപത്രികളിൽ ഏതെങ്കിലും ഒന്നിൽ റഫർ ചെയ്യാൻ ജനറൽ മെഡിസിൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
കാർഡിയോളജിസ്റ്റുമാരെ നിയമിക്കാൻ പലതവണ അപേക്ഷ ക്ഷണിച്ചെങ്കിലും നിശ്ചിത യോഗ്യതയുള്ളവരെ ലഭിച്ചിട്ടില്ല.
ഇ.എസ്.ഐ മെഡിക്കൽ സൂപ്രണ്ട്, ആശ്രാമം