എഴുകോൺ : എഴുകോണിലും പരിസര പ്രദേശങ്ങളിലും നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നായയെ നാട്ടുകാർ സംഘടിച്ച് തല്ലിക്കൊന്നു. ബുധനാഴ്ച രാവിലെ മുതൽ രാത്രി വരെ ഇരുമ്പനങ്ങാട്, എഴുകോൺ, റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ കറങ്ങി നടന്ന തെരുവുനായയാണ് അക്രമകാരിയായത്.

ഇരുമ്പനങ്ങാട് വി.കെ.എം ക്ലബ്ബിന് സമീപം രോഹിണിയിൽ ഉദയൻ, മണ്ണാത്തുവിളയിൽ മറിയ, കോയിക്കൽ ക്ഷേത്രോപദേശക സമിതിയംഗം കല്ലുംപുറം ചിറയിൽ വീട്ടിൽ ടി.സന്തോഷ്കുമാർ തുടങ്ങിയവർക്കാണ് കടിയേറ്റത്. ഉദയനെ വലത് കണങ്കാലിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സയും പ്രതിരോധ കുത്തിവെയ്പ്പും നൽകി. മറ്റുള്ളവർ എഴുകോൺ ഇ.എസ്.ഐ, കൊട്ടാരക്കര താലൂക്ക് തുടങ്ങിയ ആശുപത്രികളിൽ ചികിത്സ തേടി. മറിയയുടെ മകളുടെ മരുമകൾ ശാലിനിയും ഇതേ നായ നക്കിയതിനെ തുടർന്ന് ചികിത്സ തേടി. എഴുകോൺ ആമ്പല്ലൂർക്കാവിന് സമീപത്തും നായയുടെ പരാക്രമം ഉണ്ടായി. ഇവിടെ ഒരാളിന്റെ ഉടുമുണ്ടിൽ നായ കടിച്ചെങ്കിലും മുണ്ട് ഉരിഞ്ഞ് വീണതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉദയനെ രാവിലെ പത്ത് മണിയോടെ വി കെ.എം ക്ലബിന് സമീപത്ത് വച്ചും സന്തോഷ് കുമാറിനെ രാത്രി എട്ടോടെ ദേശീയപാതയോരത്തുള്ള കോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് വച്ചുമാണ് കടിച്ചത്. ഈ സമയത്തിനിടയിൽ നിരവധി പേർക്കും വളർത്ത് മൃഗങ്ങൾക്കും മറ്റ് തെരുവുനായ്ക്കൾക്കും കടിയേറ്റിരിക്കാൻ സാദ്ധ്യതയുണ്ട്.