കൊല്ലം: കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് രാജ്യം ഭരിച്ചവർക്കുള്ള മറുപടിയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കേരള കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ കൊല്ലം റീജണൽ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മുക്തഭാരതം സ്വപ്നം കണ്ടവർ നിരാശരായി. ഭരണഘടന തിരുത്തുമെന്ന് ഭയപ്പെടുത്തിയവർ ഇപ്പോൾ ഭരണഘടനയെ ചേർത്തുപിടിക്കുന്നു. പാർലമെന്റിലെ ഓരോ മിനിറ്റും രാജ്യത്തെ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി സംസാരിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ജനങ്ങൾ നൽകിയ താക്കീതിന്റെ പരിണിതഫലമാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

അസോ. പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ലൈബ്രറിയുടെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. സംഘടനയുടെ മുൻ നേതാക്കളെ പി.സി.വിഷ്ണുനാഥ് എം.എൽ.എ ആദരിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഡോ.ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ ചാമക്കാല, കെ.പി.ശ്രീകുമാർ, എം.എം.നസീർ, സെക്രട്ടറി അഡ്വ. പി.ജർമിയാസ്, സൂരജ് രവി, കെ.പി.സി.സി നിർവാഹക സമിതി അംഗം എ.ഷാനവാസ്ഖാൻ, എൻ.ജി.ഒ അസോ. പ്രസിഡന്റ് ചവറ ജയകുമാർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യം, സെക്രട്ടേറിയറ്റ് അസോ. സെക്രട്ടറി സജീവ് പരശിവിള, കല്ലട രമേശ്, ജനറൽ സെക്രട്ടറി കെ.വി.ജയേഷ്, ട്രഷറർ സി.പി.പ്രയേഷ് എന്നിവർ സംസാരിച്ചു.