francis-anandhu

കൊല്ലം: ലഹരിക്കായി ഉപയോഗിച്ചിരുന്ന കാൻസർ വേദനസംഹാരി ഗുളികകളുമായി യുവാക്കൾ അറസ്റ്റിൽ. മയ്യനാട് വലിയവിള സൂനാമി ഫ്ലാറ്റിൽ അനന്ദു (31, ബോംബെ അനന്ദു), ഫ്രാൻസിസ് (25) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്ന് പതിനയ്യായിരത്തോളം ഗുളികകളും 17 മൊബൈൽ ഫോണുകളും 1.90 ലക്ഷം രൂപയും പിടിച്ചെടുത്തു. സുനാമി ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. ഗുളികയ്ക്ക് പകരം ഫോണും പണവുമാണ് വാങ്ങിയിരുന്നത്.

വെള്ളാപ്പിൽ മുക്കിൽ ഇരട്ടപ്പള്ളിക്ക് സമീപം അനന്ദു വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് മരുന്നും മറ്റും പിടികൂടിയത്. മുംബയിൽ നിന്നാണ് മരുന്ന് എത്തിച്ചിരുന്നത്. ഗുളികകൾ പൊടിച്ച് വെള്ളത്തിൽ കല‌‌ർത്തിയാണ് കുത്തിവച്ചിരുന്നത്. ഇവരെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാറിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇരവിപുരം പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇരവിപുരം എസ്.ഐ അജേഷ് കുമാർ, ഡാൻസാഫ് എസ്.ഐ കണ്ണൻ, ജി.എസ്.ഐ ശ്യാം, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.