എഴുകോൺ: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ അപായ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. ഇന്നലെ വൈകിട്ട് 6ന് ശേഷം കൊല്ലം-പുനലൂർ മെമുവാണ് എഴുകോൺ ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ അപായ ചങ്ങല വലിച്ച് നിറുത്തിയ ശേഷം രോഗിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
കുന്നിക്കോട് സ്വദേശിയായ ആനന്ദ് മഹാദേവൻ എന്ന യാത്രക്കാരനാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹൃദ്രോഗിയായ ആനന്ദ് ഏറ്റവും പിന്നിലെ ബോഗിയിലായിരുന്നു. കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എഴുകോൺ ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിലെത്തിയപ്പോൾ സഹയാത്രികർ അപായ ചങ്ങല വലിച്ചു.
ചീരങ്കാജ് ജംഗ്ഷനിലാണ് അവസാന ബോഗി നിന്നത്. ഇവിടെ നിന്ന് 50 മീറ്റർ ദൂരത്തിലാണ് എഴുകോൺ ഇ.എസ്.ഐ ആശുപത്രി. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മഹാദേവൻ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. റെയിൽവേ പൊലീസ് ബോഗിയിലെത്തി വിവരം ബോദ്ധ്യപ്പെട്ട് പത്ത് മിനിറ്റിന് ശേഷം ട്രെയിൻ യാത്ര തുടർന്നു.