xxxx
മതുരപ്പ - തിരുവറയ്ക്കൽ ക്ഷേത്രം റോഡിലെ സഞ്ചാരയോഗ്യമല്ലാത്ത ഭാഗം

ഇടമുളയ്‌ക്കൽ : മതുരപ്പ - തിരുവറയ്‌ക്കൽ ക്ഷേത്രം റോഡിൽ 10 മീറ്ററോളം ഭാഗം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഒരു കിലോമീറ്ററോളം നവീകരിച്ച റോഡിൽ ഏകദേശം നടുഭാഗത്ത് മാത്രം കേവലം 10 മീറ്ററിൽ പണി നടക്കാത്തതിനാൽ നാട്ടുകാർക്ക് ഗുണം ലഭിക്കുന്നില്ല. .ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ ആറാം വാർഡിലാണ് 10 മീറ്റർ ദുരിത പാത കാരണം ഇരുഭാഗത്തുമുള്ളവർക്ക് റോഡിന് അക്കരെയിക്കരെ പോകാൻ കഴിയാത്ത സ്ഥിതിയുള്ളത്.

കാൽനട പോലും അസാദ്ധ്യം

പണി മുടങ്ങിയ ഭാഗത്ത് നേരത്തെ ചപ്പാത്തിലൂടെ താഴ്‌ച്ചയുള്ള വശത്തേക്ക് ജലം ഒഴുകിയിരുന്നു. എന്നാൽ ആ വശത്തുള്ളവർ ഉയരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതോടെ മഴവെള്ളം ഒഴുകി പോകാതെ വെള്ളം കെട്ടിക്കിടന്നതോടെയാണ് ആ സ്ഥലത്ത് റീ ടാറിംഗ് നടക്കാതെയായത്. മതുരപ്പയിൽ നിന്ന് ആരംഭിക്കുന്ന റോഡ് പള്ളികുന്ന്പുറം കോളനിയിലേക്കാണ് പ്രധാനമായും നീളുന്നത്. ആ മേഖലയിലുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്നു.

വാഹന ഗതാഗതം പോയിട്ട് കാൽനട പോലും അസാദ്ധ്യമാണ്. ഈ റോഡിനെ ആശ്രയിക്കേണ്ട ഇരുഭാഗത്തുമുള്ളവർ ഇപ്പോൾ വയൽഭാഗത്തെ റോഡിലൂടെ ഏറെ ദൂരം അധികം സ‌ഞ്ചരിച്ചാണ് ലക്ഷ്യത്തിലെത്തുന്നത്.

ഒരു കിലോമീറ്ററോളം നവീകരിച്ച റോഡിൽ 10 മീറ്റർ ഭാഗത്ത് ടാറിംഗ് ഇല്ല

കാറിന്റെ പ്ലാറ്റ്‌ഫോമിലുൾപ്പടെ വെള്ളം കയറുന്നതിനാൽ എൻജിൻ ഓഫായി വാഹനം വെള്ളക്കെട്ടിൽ നിൽക്കുന്നു. ടൂ വീലറിൽ സാധനം തൂക്കിയിട്ടാൽ നനഞ്ഞു കുതിരുന്നു. മതിൽകെട്ടാത്ത വീടുകളുടെ ഭിത്തിയിലേക്ക് ചെളിവെള്ളം അടിച്ചു കയറുന്നു.വെള്ളം വറ്റിയാലും ഈ നിലയിൽ ടാറിംഗ് നടത്തിയൽ പ്രശ്‌നപരിഹാരമാകില്ല.

ബിനോജ് കുമാർ

കേരളകൗമുദി

മതുരപ്പ ഏജന്റ്

ഈ പ്രദേശത്തെ ജനങ്ങൾ റോഡ് പണിയുമായി ബന്ധപ്പെട്ട് വ്യത്യസ്‌ത അഭിപ്രായങ്ങളോടെ എതിർപ്പുമായി രംഗത്ത് വന്നതോടെ കരാറുകാരനും പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗവും വെട്ടിലായി. ജെ.സി.ബി ഉൾപ്പടെ തടഞ്ഞിട്ടതോടെ കരാരുകാരൻ പണിയിൽ നിന്ന് പിന്മാറി. പഞ്ചായത്ത് സമിതിയിൽ ചർച്ച ചെയ്‌ത് അന്തിമ തീരുമാനമെടുക്കും.

അമ്മിണിരാജൻ

വാർഡ് മെമ്പർ