aishu

കൊല്ലം: ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചിട്ടും ഐശ്വര്യ (27) തളർന്നി​ല്ല. മരണത്തെ മുഖാമുഖം കണ്ട് രണ്ടര മാസം ആശുപത്രി​യി​ൽ തീവ്രപരി​ചരണത്തി​ൽ. അപ്പോഴും ദൃഢനിശ്ചയം വിട്ടില്ല. ഇന്ന് വെറും ഐശ്വര്യയല്ല. അഡ്വ. ഐശ്വര്യ അശോകൻ. ഹൈക്കോടതി​യി​ലെ ജൂനി​യർ അഭി​ഭാഷക. എൽ.എൽ.എം പരീക്ഷയിൽ ഫസ്റ്റ്ക്ലാസ് തിളക്കവും.

ഇടയ്ക്കോട് പുതുശേരിക്കോണം അക്ഷരയിൽ കെ. അശോകന്റെയും വി. ഷാലിജയുടെയും മകളാണ് ഐശ്വര്യ. 40 ശതമാനം പൊള്ളലുമായി ആശുപത്രിയി​ൽ കഴിയുമ്പോഴും എൽ.എൽ.എം പൂർത്തിയാക്കണമെന്ന ഒറ്റ ഒരാഗ്രഹമായിരുന്നു. കഴിഞ്ഞ ദിവസമാണ് എം.ജി യൂണിവേഴ്സിറ്റിയുടെ എൽ.എൽ.എം പരീക്ഷാഫലം വന്നത്.

സെക്കൻഡ് സെമസ്റ്ററിലാണ് ഭർത്താവിന്റെ ക്രൂരത. തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ കഴിഞ്ഞ് അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആലുവയിലെ ഭാരത് മാതാ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലേക്ക് എത്തുന്നത്. അദ്ധ്യാപകരും കൂട്ടുകാരും വീട്ടുകാരും അഭിഭാഷകരും മുൻ എം.എൽ.എ പി.അയിഷ പോറ്റിയുമുൾപ്പെടെ ഒപ്പം നിന്നു.

കൊല്ലം എസ്.എൻ ലാ കോളേജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ 2016 ൽ ആണ് കൊട്ടാരക്കര സ്വദേശി അഖിൽ രാജുമായുള്ള വിവാഹം. 2019 ൽ മകൻ എ. ആദീശ്വറി​ന് ഒന്നര വയസുള്ളപ്പോൾ ഇരുവരും അകന്നു. ഐശ്വര്യ സ്വന്തം വീട്ടി​ലേക്കു മാറി​. 2020ൽ എൽ.എൽ.ബി പാസായി. കൊട്ടാരക്കര കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2021ൽ എൽ.എൽ.എമ്മിന് ചേർന്നു. ഇക്കഴിഞ്ഞ

മാർച്ചിലാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്.

ദുരന്തദിനം

2022 ഡിസംബർ 17ന് ഗാർഹിക പീഢന കേസിൽ കോടതിയിൽ ഹാജരായി സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിൽ പിന്തുടർന്നെത്തിയ അഖിൽ രാജ് നെടുവത്തൂർ അഗ്രോജംഗ്ഷന് സമീപം തടഞ്ഞുനിറുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഓടി​യെത്തി​യ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചത്.

തോൽക്കാൻ മനസ് അനുവദിച്ചില്ല. പ്രതിസന്ധിയിൽ ഒരുപാട് പേർ പിന്തുണച്ചു. ഈ വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു.

- അഡ്വ.ഐശ്വര്യ അശോകൻ