കൊല്ലം: ഡീലർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിനാൽ ജൂലായ് ആയിട്ടും എപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാ പാദത്തിലെ മണ്ണെണ്ണ റേഷൻകടകളിൽ എത്തിയില്ല. എ.എ.വൈ, മുൻഗണനാ കാർഡ് ഉടമകൾ റേഷൻ വാങ്ങാനെത്തുമ്പോൾ സ്ഥിരമായി മണ്ണെണ്ണ കന്നാസ് കരുതുമെങ്കിലും നിരാശരായി മടങ്ങുകയാണ്.
മൂന്ന് മാസത്തിലൊരിക്കൽ എ.എ.വൈ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും മുൻഗണനാ കാർഡുകാർക്ക് അര ലിറ്ററും വീതവുമാണ് ലഭിക്കുന്നത്. ഗ്യാസ് സ്റ്റൗ വ്യാപകമായെങ്കിലും ഒരു വിഭാഗം വീടുകളിൽ ഇപ്പോഴും മണ്ണെണ്ണ സ്റ്റൗവുണ്ട്. രാവിലെ വിറകടുപ്പുകളിൽ തീ കത്തിക്കാനും മണ്ണെണ്ണ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റേഷൻകടകളിൽ മണ്ണെണ്ണ എത്തിയാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരും. മണ്ണെണ്ണ ലഭിക്കാത്തതിനാൽ പല വീടുകളിലെയും മണ്ണെണ്ണ സ്റ്റൗ തുരുമ്പെടുത്ത് തുടങ്ങി.
അനുവദിച്ച ക്വാട്ടയിൽ കുറവ്
2.20 ലക്ഷം ലിറ്ററാണ് മൂന്ന് മാസത്തേക്കുള്ള ജില്ലയുടെ മണ്ണെണ്ണ ക്വാട്ട
ഇതിൽ 96000 ലിറ്റർ മാത്രമാണ് രണ്ടാം പാദത്തിൽ അനുവദിച്ചത്
ഒന്നാം പാദത്തിൽ 1.82 ലക്ഷം ലിറ്ററാണ് ലഭിച്ചത്
കിട്ടുന്ന മണ്ണെണ്ണ ഓരോ താലൂക്കിനും വീതിച്ച് നൽകും
അതിനാൽ ആദ്യം എത്തുന്ന കാർഡുകാർക്കേ മണ്ണെണ്ണ ലഭിക്കൂ
ഡീലർമാരുടെ പ്രശ്നം
ഭൂരിഭാഗം ഡീലർമാർക്കും മൂന്ന് ലോഡ് മണ്ണെണ്ണ വരെയാണുള്ളത്
മൂന്ന് ലോഡ് ഒരുമിച്ച് അനുവദിച്ചാലേ കൂലിക്ക് അനുപാതികമായ ജോലി തൊഴിലാളികൾക്ക് നൽകാനാകൂ
ഓരോ ലോഡ് അനുവദിക്കുന്നതിനാൽ ജോലിയില്ലാതെ കൂലി നൽകേണ്ട അവസ്ഥ
സ്ഥിരമായി ലോഡ് ലഭിക്കാത്തതിനാൽ ഗോഡൗൺ വാടക അടക്കമുള്ള ചെലവുകൾ താങ്ങാനാകുന്നില്ല
ജില്ലയിൽ എ.എ.വൈ കാർഡുകൾ - 48114
മുൻഗണന കാർഡുകൾ - 334275
ഒന്നാം പാദത്തിൽ അനുവദിച്ചത്-192 കെ.എൽ
രണ്ടാം പാദത്തിൽ-96 കെ.എൽ
ജില്ലയിൽ ആവശ്യമുള്ളത്-220 കെ.എൽ
ഡീലർമാരുടെ സമരം കാരണമാണ് മണ്ണെണ്ണ വിതരണം നടക്കാത്തത്.
ജില്ലാ സപ്ലൈ ഓഫീസർ