photo
കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നടന്ന ബഷീർ ദിനാചരണം

കരുനാഗപ്പള്ളി: ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ കുഞ്ഞിപ്പാത്തുമ്മയും സാറാമ്മയും ബഷീറും ആനവാരി രാമൻ നായരും എല്ലാം നിറഞ്ഞു. തലങ്ങും വിലങ്ങും ബഷീർമാരും മജീദ്മാരും പാത്തുമ്മമാരും പാഞ്ഞു നടക്കുന്നതു കുരുന്നുകൾക്ക് കൗതുകമായി. കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണ് നടന്നത്. ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.മീന, ഹെഡ്മിസ്ട്രസ് ജമീല,എസ്.എം.സി ചെയർമാൻ അലക്സ് ജോർജ്, ടി.പ്രമീള തുടങ്ങിയവർ സംസാരിച്ചു.

കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും സാഹിത്യകാരൻ ഡോ.സി.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ പ്രവീൺ മനയ്ക്കൽ അദ്ധ്യക്ഷനായി. വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക് മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം പദ്ധതി കവി കെ.എസ്.രജു ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക കെ.ശ്രീകുമാരി സ്വാഗതം പറഞ്ഞു. എസ്.എം.സി അംഗം കബീർ, അദ്ധ്യാപകരായ എസ്.ശ്രീജ , എം.എ.മുഹ്സിന എന്നിവർ സംസാരിച്ചു. ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം സ്കൂൾ കുട്ടികൾ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥിയായ കെ.എസ്.രജുവാണ് എല്ലാ ക്ലാസ് മുറികളിലേക്കും ലൈബ്രറി നിർമ്മിച്ചു നല്കിയത്.