കൊല്ലം: തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടുകയാണ് തൃക്കടവൂർ നിവാസികൾ. കടവൂർ ജംഗ്ഷൻ, കടവൂർ ക്ഷേത്രത്തിന് പിൻവശം, പള്ളിവേട്ടചിറ, ഒറ്റക്കൽ, ഷാപ്പ്മുക്ക്, പത്തനാവിൽ, അരീക്കകുഴി, മതിലിൽ, സി.കെ.പി, ബൈപ്പാസ്, ചന്തക്കടവ് എന്നിവിടങ്ങളിലാണ് തെരുവ്നായ്ക്കൾ വിഹരിക്കുന്നത്.
കുരീപ്പുഴ ഭാഗത്തും സാമാനമായ സ്ഥിതിയാണ്. തെരുവ്നായശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപന അധികൃതർ തയ്യാറാവുന്നില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് നായ്ക്കൾ വിലസുന്നത്. കാൽനട യാത്രികർ, സൈക്കിൾ, ഇരുചക്ര വാഹനയാത്രികർ എന്നിവർക്ക് നേരെയാണ് പ്രധാനമായും തെരുവ് നായ്ക്കൾ ചാടിവീഴുന്നത്. കടവൂർ ജംഗ്ഷനിലൂടെ രാത്രികാലങ്ങളിൽ വരുന്ന ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി നായ്ക്കൾ എടുത്ത് ചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.
നിരവധി വിദ്യാർത്ഥികളാണ് ദിവസവും ഈ വഴികളിലൂടെ സ്‌കൂളുകളിലേക്കും ട്യൂഷനുമായി പോകുന്നത്. കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് ഓട്ടോറിക്ഷ തൊഴിലാളികളും സമീപത്തെ കടക്കാരുമാണ് വിദ്യാർത്ഥികളെ രക്ഷിക്കുന്നത്. രാത്രികാലങ്ങളിൽ കടവൂർക്ഷേത്രത്തിന് പിന്നിലൂടെ പോകാനാവാത്ത അവസ്ഥയാണ്.
നായ്ക്കളെ ആകർഷിക്കുന്നത് മാലിന്യനിക്ഷേപം
ഇറച്ചി മാലിന്യങ്ങളും മറ്റും റോഡിലേക്ക് വലിച്ചെറിയുന്നതാണ് തെരുവ് നായ ശല്യം വർദ്ധിക്കാൻ കാരണം. ഇരുളിന്റെ മറവിൽ വലിയ ചാക്കുകളിലാണ് മാലിന്യം തള്ളുന്നത്. തെരുവുനായ്ക്കൾക്ക് കൃത്യസമയത്ത് വാക്സിനേഷൻ നടത്താറുണ്ടെന്നും എ.ബി.സി പദ്ധതി നടപ്പാക്കുന്നതിലൂടെ നായ്ക്കുട്ടികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.