ശാസ്താംകോട്ട: റെയിൽവേ സ്‌റ്റേഷൻ റോഡ്- കാരാളിമുക്ക് റോഡിന്റെ ഇരുവശവും കാടുകയറി. വളവുള്ള ഭാഗങ്ങളിൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. അതോടെ ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടിലാണ്.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാൻ വീതിയുള്ള റോഡിൽ തിരക്കേറിയ രാവിലെയും വൈകിട്ടും യാത്രക്കാർ സാഹസികയാത്രയാണ് നടത്തുന്നത്.
മൈനാഗപ്പള്ളി , പടിഞ്ഞാറെ കല്ലട
പഞ്ചായത്തുകൾ ഇടപെടണം
മുൻപ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ റോഡിന്റെ വശങ്ങളിലെ കാട് വെട്ടി വൃത്തിയാക്കുമായിരുന്നു. മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വേങ്ങ തെക്ക് പത്താം വാർഡിലും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കാരാളിമുക്ക് വാർഡിലുമായിട്ടാണ് റോഡ് കടന്നു പോകുന്നത്. കൂടുതൽ ഭാഗവും മൈനാഗപ്പള്ളി പഞ്ചായത്തിലാണ് .നൂറു കണക്കിന് യാത്രക്കാർ ദിവസേനയെത്തുന്ന റെയിൽവേ സ്റ്റേഷനിലേക്ക് എത്താനുള്ള പ്രധാന റോഡായിട്ടും അധികൃതർ കണ്ണടയ്ക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചു.
സ്റ്റേഷനിലേക്ക് എത്താനുള്ള റോഡുകൾക്ക് യാതൊരു പുരോഗതിയുമില്ല.
റോഡിന്റെ വീതി കൂട്ടി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി.
വർഷാവർഷം ബഡ്ജറ്റിൽ കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ - കുറ്റിയിൽ മുക്ക് - കിഴക്കിടത്ത് മുക്ക് റോഡിന്റെ പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ നടപടിയില്ല
മഴക്കാലമായതോടെ വഴിവിളക്കുകളും കത്താറില്ല.
വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പടെയുള്ള കാൽനട യാത്രക്കാരും പ്രതിസന്ധിയിലായി.
കാറുകൾ കൂട്ടിയിടിച്ചു
കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡിൽ കാറുകൾ കൂട്ടിയിടിച്ചു.ഇന്നലെ രാവിലെ 8 മണിയോടെയാണ് കാറുകൾ കൂട്ടിയിടിച്ചത്. എതിർദിശയിൽ നിന്ന് വന്ന വാഹനങ്ങൾ റോഡിന്റെ വശങ്ങളിലെ കാടു കാരണം കാണാൻ കഴിയാഞ്ഞതാണ് അപകട കാരണം. രണ്ട് കാറിന്റെയും മുൻവശം തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കുകളില്ല.