കരുനാഗപ്പള്ളി : നഗരസഭയുടെ അതിർത്തി പങ്കിടുന്ന പള്ളിക്കലാർ, കൊതിമുക്ക് വട്ടക്കായൽ എന്നിവയുടെ തീരത്തുള്ള റവന്യൂ പുറമ്പോക്കിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നിയമ നടപടികൾക്ക് തുടക്കമായി. കായൽ തീരങ്ങളിലെ റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികളാണ് ആരംഭിച്ചത്. കന്നേറ്റിപ്പാലം മുതൽ തെക്കോട്ട് ഉള്ള ഭാഗത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
സർവേ നടപടികൾ ഇടയ്ക്ക് വെച്ച് നിറുത്തി
സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായിട്ടാകും കായൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് സർവേ പൂർത്തിയായാൽ ഉടൻതന്നെ സർക്കാരിന് സമർപ്പിക്കും. നേരത്തെ ഗ്രീൻ ട്രൈബ്യൂണലിന്റെ ഉത്തരവുപ്രകാരം കായൽ പുറമ്പോക്ക് കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടികൾ നഗരസഭയുടെയും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതുവഴി ഒരേക്കറോളം കായൽ പുറമ്പോക്ക് ഭൂമി കണ്ടെത്താനും കഴിഞ്ഞിരുന്നു. എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദവും ബാഹ്യ ഇടപെടലും കാരണം സർവേ നടപടികൾ ഇടയ്ക്ക് വെച്ച് നിറുത്തുകയായിരുന്നു.
കൂടുതൽ ഭൂമി പദ്ധതിക്കായി വിട്ടു കിട്ടും
ഭൂമിക്ക് ഉയർന്ന വില നിലവാരമുള്ള കരുതാഗപ്പള്ളി നഗരസഭയിൽ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ വലിയ പ്രതിസന്ധിയിൽ നേരിടുമ്പോഴാണ് സർക്കാർ പുറമ്പോക്ക് ഭൂമി ഇത്തരം പദ്ധതികൾക്കായി കണ്ടെത്താൻ അവസരം ലഭിച്ചത്. റവന്യൂ പുറമ്പോക്ക് സംബന്ധിച്ച സർവ്വേ പുരോഗമിക്കുമ്പോൾ കൂടുതൽ ഭൂമി പദ്ധതിക്കായി വിട്ടു കിട്ടും എന്ന പ്രതീക്ഷയാണ് അധികൃതർക്ക് ഉള്ളത്. മുമ്പ് ഉണ്ടായതു പോലെ സമർദ്ദത്തെ തുടർന്ന് ഇപ്പോഴത്തെ സർവേ നടപടികളും പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. താലൂക്ക് സർവേയർമാരായ ആർ. മനീഷ്, നിഷ ദിനമണി, ഷിജിൻ, നഗരസഭ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
കായലിനോട് ചേർന്ന് ഇതിനകം അര ഏക്കറിലധികം പുറമ്പോക്ക് ഭൂമി കണ്ടെത്താൻ കഴിഞ്ഞു. ആദ്യഘട്ട സർവേ നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാകും. തുടർന്ന് അളന്ന് തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമി കല്ലിട്ട് വേർതിരിക്കും. കരുനാഗപ്പള്ളി നഗരസഭയുടെ ആവശ്യ പ്രകാരമാണ് പുറമ്പോക്ക് ഭൂമി കണ്ടെത്തുന്ന നടപടികൾ ആരംഭിച്ചത്.
ബി.സജീവ്
ഡെപ്യൂട്ടി തഹസിൽദാർ
കായലോരത്ത് ലഭിക്കുന്ന ഭൂമി ഉപയോഗപ്പെടുത്തി പ്രഭാത നടത്തക്കാർക്കായി ഫുട്പാത്തും ടൂറിസം സാദ്ധ്യതകൾ കൂടി പരിഗണിച്ച് ആളുകൾക്ക് കായൽ സൗന്ദര്യം ആസ്വദിക്കാനുള്ള പാർക്ക് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും.കോട്ടയിൽ രാജു
നഗരസഭ ചെയർമാൻ