അഞ്ചൽ: തിരുവനന്തപുരം, കൊല്ലം ജില്ല ഉൾപ്പെടെ മൂന്ന് ജില്ലകളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും സംസ്കരിക്കുന്നതിനും കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഏരൂർ പഞ്ചായത്തിലെ പത്തടി, ചടയമംഗലം നിയോജക മണ്ഡലത്തിൽപ്പെട്ട ചണ്ണപ്പേട്ട എന്നിവിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കം നടക്കുന്നത്.
മന്ത്രിയുടെ മണ്ഡലത്തിൽ
പ്ലാന്റിനെതിരെ നേരത്തെ പത്തടിയിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ പിൻവാങ്ങിയെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കം പുനരാരംഭിച്ചിരിക്കുകയാണ്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ മണ്ഡലത്തിലെ സ്ഥലമാണ് ചണ്ണപ്പേട്ട. ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ആദ്യഘട്ടത്തിൽ തന്നെ ഏരൂർ പഞ്ചായത്ത് പ്രമേയം പാസാക്കുകയും പ്രസിഡന്റായിരുന്ന ടി. അജയന്റെ നേതൃത്വത്തിൽ കളക്ടർക്കും മന്ത്രിമാർക്കും നിവേദനവും നൽകിയിരുന്നു.
പാർട്ടികളെയും വെട്ടിലാക്കി
മാലിന്യ പ്ലാന്റിന്റെ മറവിൽ വൻകിട തോട്ടങ്ങൾ ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി ഉടമകൾക്ക് വിൽക്കാനുള്ള അവസരം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. ഭൂമി മറിച്ചുവിൽക്കുവാനുള്ള ഗൂഢശ്രമങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് ഭരണകക്ഷിക്കാർ തന്നെ പറയുന്നത്. പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഭരണ കക്ഷിയിൽപ്പെട്ട പാർട്ടികളെയും വെട്ടിലാക്കിയിരിക്കുകയാണ്. കാലാകാലങ്ങളായി എൽ.ഡി.എഫിനോടൊപ്പം നിൽക്കുന്ന ചടയമംഗലം, പുനലൂർ മണ്ഡലങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കാൻ പോകുന്നത്. ഇത് രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാക്കുമെന്ന ഭയപ്പാടിലാണ് ഭരണക്ഷിയിൽ പെട്ട പാർട്ടികൾ.
പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണം.
എസ്. ജയമോഹൻ
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി
ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കരുത്.
ഡി. വിശ്വസേനൻ
സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി