കൊല്ലം: കൊല്ലം ജില്ലയിലെ പോലീസുകാരുടെ ജോലിഭാരവും ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്ത വിഷയവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൊല്ലം പൊലീസ് ജില്ലയെ കൊല്ലം സിറ്റിയും റൂറലുമായി തിരിച്ചെങ്കിലും ആവശ്യത്തിന് ആൾബലം അനുവദിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കൺട്രോൾ റൂമിൽ വേണ്ട 100 പോലീസുകാരെ അനുവദിച്ചിട്ടില്ല. റൂറൽ പൊലീസ് ജില്ലയിൽ ആവശ്യമായ പൊലീസ് സ്റ്റേഷനുകൾ ഇല്ല. കൊട്ടാരക്കര സ്റ്റേഷൻ വിഭജിച്ച് വാളകത്തും കൊട്ടാരക്കര പുത്തൂർ സ്റ്റേഷൻ വിഭജിച്ച് കുളക്കടയിലും ശാസ്താംകോട്ട സ്റ്റേഷൻ വിഭജിച്ച് മൈനാഗപ്പള്ളിയിലും പത്തനാപുരം കുന്നിക്കോട് പോലീസ് സ്റ്റേഷൻ വിഭജിച്ച് പട്ടാഴിയിലും പുതിയ സ്റ്റേഷനുകൾ രൂപീകരിക്കണം. അഞ്ച് പുതിയ പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചാൽ മാത്രമേ പൊലീസുകാരുടെ ജോലിഭാരം കുറയ്ക്കാനാകൂ എന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടി.