കൊല്ലം: കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള 2022-23ലെ സംസ്ഥാന സർക്കാർ അവാർഡ് എൻ.എസ് സഹകരണ ആശുപത്രിക്ക്. തുടർച്ചയായ അഞ്ചാം വർഷമാണ് ഈ നേട്ടം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അന്തർദ്ദേശീയ സഹകരണ ദിനമായ ഇന്ന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ ആശുപത്രി അധികൃതർ അവാർഡ് ഏറ്റുവാങ്ങും.
രോഗപ്രതിരോധം, ചികിത്സ, വാർദ്ധക്യകാല പരിചരണം, മരുന്ന് വിപണനം, റിസർച്ച് പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, പാലിയേറ്റീവ് കെയർ, ഹോം കെയർ, ആരോഗ്യ വിദ്യാഭ്യാസം എന്നീ മേഖലകളിൽ ആശുപത്രി മികവ് തെളിയിച്ചതായി സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതി വിലയിരുത്തി. 2006ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ 38 ചികിത്സാ വിഭാഗങ്ങളും 500 കിടക്കകളുമുണ്ട്. പ്രതിവർഷം ഏഴ് ലക്ഷത്തോളം പേർ ചികിത്സ തേടിയെത്തുന്നു. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം ഡിസ്‌കൗണ്ട്, നിർദ്ധനർക്ക് സാന്ത്വനം പദ്ധതി പ്രകാരം ചികിത്സാ ധനസഹായം, മരുന്നുകൾക്ക് 10 മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ട് എന്നിവയുമുണ്ട്. 2010-11 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുകയും ചെയ്യുന്ന ഏക ആശുപത്രി സംഘമാണിത്.
എൻ.എസ് സഹകരണ ആശുപത്രിക്ക് പുറമേ എൻ.എസ് ആയുർവേദ ആശുപത്രി, എൻ.എസ് നഴ്‌സിംഗ് കോളേജ്, എൻ.എസ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, എൻ.എസ് ഡ്രഗ്‌സ് ആൻഡ് സർജിക്കൽസ്, എൻ.എസ് ഡയഗ്നോസ്റ്റിക് സെന്റർ, എൻ.എസ് സഹകരണ ആശുപത്രി ശൂരനാട് സെന്റർ എന്നിവയും മികച്ച നിലയിൽ പ്രവർത്തിക്കുന്നു. 7 സ്ഥാപനങ്ങളിലായി 160 ഡോക്ടർമാരടക്കം 1600ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. മുൻ ലോക്‌സഭാംഗം പി. രാജേന്ദ്രൻ പ്രസിഡന്റും എ. മാധവൻപിള്ള വൈസ് പ്രസിഡന്റുമായ 11 അംഗ ഭരണസമിതിയും സെക്രട്ടറി പി. ഷിബു, മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹൻ എന്നിവരടങ്ങുന്ന അഡ്മിനിസ്‌ട്രേഷനുമാണ് ആശുപത്രിയുടെ ഭരണം നിർവഹിക്കുന്നത്.