കൊല്ലം: കേരള കാഷ്യു വർക്കേഴ്‌സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കശുഅണ്ടി തൊഴിലാളികൾ ആശ്രാമം ഇ.എസ്‌.ഐ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. കാഷ്യു സ്റ്റാഫ് സെന്റർ സെക്രട്ടറി ബി.സുജീന്ദ്രൻ അദ്ധ്യക്ഷനായി.

കരാർവത്കരണവും സ്വകാര്യ പങ്കാളിത്തവും അവസാനിപ്പിച്ച് കാത്ത് ലാബ് ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യം ഇ.എസ്.ഐ നേരിട്ട് ഏറ്റെടുത്ത് ആരംഭിക്കുക, മുടങ്ങിക്കിടക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി എന്നിവയ്ക്ക് അടിയന്തരമായി ഡോക്ടർമാരെ നിയമിച്ച് ഒ.പി സൗകര്യം പുനഃസ്ഥാപിക്കുക, ഇ.എസ്.ഐ ആശുപത്രിയിൽ ലഭ്യമല്ലാത്ത ചികിത്സാ വിഭാഗങ്ങൾക്ക് സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിന് പകരം ഇ.എസ്.ഐ എംപാനൽ ചെയ്ത ആശുപത്രികളിലേക്ക് രോഗികളെ അയച്ച് ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടന്നത്.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി.തുളസിധരക്കുറുപ്പ്, കാഷ്യു ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.സുഭഗൻ, ബിന്ദു സന്തോഷ്, സുരേഷ് ബാബു, എം.എ.സത്താർ, പി.ഡി.ജോസ് എന്നിവർ സംസാരിച്ചു.