കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സൈക്കിൾ വിതരണത്തിന് പൂട്ടിട്ട് സംസ്ഥാന സർക്കാർ. വിഹിതം ചെലവഴിക്കേണ്ടെന്ന സംസ്ഥാനതല കോ ഓഡിനേഷൻ കമ്മിറ്റിയുടെ ശിപാർശയെ തുടർന്ന് വകുപ്പ് ജോ. സെക്രട്ടറി തദ്ദേശ വകുപ്പുകൾക്ക് ഉത്തരവ് കൈമാറി.

സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ ബസ് ഉണ്ടെന്ന പേരിലാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. പട്ടികജാതി -വർഗ വിദ്യാർത്ഥികൾ കൂടുതലായി പഠിക്കുന്ന പല വിദ്യാലയങ്ങളിലും സ്കൂൾ ബസ് ഇല്ല. ബസുകൾ ഉള്ള സ്കൂളുകളിൽ ഡീസൽ അടിക്കാൻ കാശില്ലാത്താതിനാൽ ഓടാത്ത അവസ്ഥയുമുണ്ട്.

സൈക്കിൾ ലഭിക്കുമെന്ന പേരിൽ സ്കൂളിലേയ്ക്ക് വിദ്യാർത്ഥികളെ ആകർഷിക്കാൻ അദ്ധ്യാപകർക്ക് സാധിച്ചിരുന്നു. എന്നാൽ പദ്ധതി നിറുത്തലാക്കിയാൽ പട്ടികജാതി വിദ്യാർത്ഥികളിൽ വലിയ കൊഴിഞ്ഞുപോക്കുണ്ടാകും. വിദ്യാവാഹിനി പദ്ധതിയിൽ ഓടിയിരുന്ന ജീപ്പുകൾക്ക് യഥാസമയം പണം നൽകാത്തതിനാൽ കഴിഞ്ഞ അദ്ധ്യയന വർഷം നിരവധി തവണയാണ് വാഹന ഉടമകൾ സർവീസ് നിറുത്തിയത്.

വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പട്ടികജാതി മോർച്ച ജില്ല കമ്മിറ്റി.

തദ്ദേശ വിഹിതം ചെലവഴിക്കേണ്ടെന്ന് ഉത്തരവ്

 അയ്യങ്കാളി സ്കോളർഷിപ്പ് നിലച്ചിട്ട് 5 വർഷം
 സൈക്കിൾ കിട്ടാതാകുന്നതോടെ കുട്ടികളുടെ യാത്ര മുടങ്ങും

 ഹൈസ്കൂൾ വിദ്യാഭ്യാസത്തെയും ബാധിക്കും

 സ്കൂൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും പട്ടികജാതി ഗ്രാൻഡ് വിതരണം ചെയ്തില്ല

 കേന്ദ്രം സംസ്ഥാന സർക്കാരിന് 60 ശതമാനം ഫണ്ട് കൈമാറി

ഒരു ഭാഗത്ത് ധൂർത്തും മറുഭാഗത്ത് പാവപ്പെട്ട വിദ്യാർത്ഥികളുടെ അവകാശങ്ങൾ കവർന്നെടുക്കലുമാണ്. കടുത്ത വിവേചനമാണ് സർക്കാർ പട്ടികജാതി വിദ്യാർത്ഥികളോട് കാണിക്കുന്നത്.

ബി ബബുൽദേവ്, ജില്ലാ പ്രസിഡന്റ്

ബി.ജെ.പി പട്ടികജാതി മോർച്ച