എഴുകോൺ : സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിനെ ഒഴിവാക്കി എഴുകോൺ ഗ്രാമ പഞ്ചായത്തിലെ പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള നീക്കം വിവാദമാകുന്നു.ചീരങ്കാവ് വാർഡിലെ 63-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ബാലഗോപാലിനെ ഒഴിവാക്കിയത്. കോൺഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്.നാളെ ഉച്ചയ്ക്ക് 3ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് നോട്ടീസ് പുറത്തിറക്കിയിരുന്നു. മന്ത്രിക്ക് പുറമെ സി.പി.എം പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് അംഗം സുമലാലിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
ശിശുവികസന വകുപ്പിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ധനകാര്യ മന്ത്രിയെ പങ്കെടുപ്പിച്ചും പ്രോട്ടോക്കോൾ പാലിച്ചും ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ശിശു വികസന ഓഫീസർ കഴിഞ്ഞ ദിവസം എഴുകോൺ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.
ഇതിനിടെ നാളെ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷിന്റെ സൗകര്യാർത്ഥമാണ് മാറ്റമെന്നാണ് ബന്ധപ്പെട്ടവരുടെ അറിയിപ്പ്.