കൊല്ലം: എൻ.സി.സി ബറ്റാലിയൻ ഓഫീസുകളായി തേവള്ളി കൊട്ടാരം പ്രവർത്തനം തുടരുമെന്ന് എൻ.സി.സി അഡിഷണൽ ഡയറക്ടർ ജനറൽ ജെ.എസ്.മങ്കത്ത് അറിയിച്ചു. കേഡറ്റുകളുടെ ക്യാമ്പുകൾ ഉൾപ്പെടെയുള്ള പരിശീലനത്തിനോ, ഗ്രേസ് മാർക്ക് അനുവദിക്കുകുന്നതിനോ, എ.ബി.സി സർട്ടിഫിക്കറ്റുകളുടെ പരീക്ഷാ നടത്തിപ്പിനോ തടസമില്ലാതെയാണ് കൊല്ലം ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂരിലേയ്ക്ക് മാറ്റുന്നത്.

ഗ്രൂപ്പിന് കീഴിലുള്ള കേഡറ്റുകൾക്കോ അവരുടെ രക്ഷിതാകൾക്കോ എൻ.സി.സി അദ്ധ്യാപകർക്കോ ജീവനക്കാർക്കോ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൊല്ലം ഗ്രൂപ്പിൽ നിലവിൽ സേവനം അനുഷ്ഠിച്ചുവരുന്ന 28 ജീവനക്കാരിൽ സന്നദ്ധരായവരുടെ അപേക്ഷ പരിഗണിച്ചായിരിക്കും കണ്ണൂരിലേയ്ക്ക് എൻ.സി.സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് മാറ്റി സ്ഥാപിക്കുന്നത്. കൊല്ലം ഗ്രൂപ്പ് ഹെഡ് ക്വർട്ടേഴ്സിന്റെ നിയന്ത്രണത്തിലുള്ള എക്സ് സർവീസുകാരുടെ ക്യാന്റീൻ തേവള്ളിയിൽ നിലനിറുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.