കൊല്ലം: പനയം പഞ്ചായത്തിലെ പെരുമൺ മുതൽ ചെമ്മക്കാട് വരെ ഒരാഴ്ചയോളം നീണ്ടുനിന്ന, അതി രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. റെയിൽവേ സ്റ്റേഷൻ വാർഡിൽ തെക്കേവീട്ടിൽ മുക്കിൽ പ്രവർത്തിച്ചിരുന്ന കുഴൽക്കിണറിലെ പമ്പ് കേടായതാണ് കുടിവെള്ള വിതരണം തടസപ്പെടുത്തിയത്. തകരാറിലായ പമ്പ് കഴിഞ്ഞ 27ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാറ്റി പുതിയത് സ്ഥാപിച്ചതോടെയാണ് വിതരണം പുന:രാരംഭിച്ചത്. കുടിവെള്ളക്ഷാമം സംബന്ധിച്ച് കഴിഞ്ഞ 26ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് എം.മുകേഷ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് തെക്കേവീട്ടിൽമുക്കിൽ പുതിയ കുഴൽക്കിണർ നിർമ്മിച്ചത്. 1.75 ലക്ഷം ചെലവാക്കി പുതിയ പമ്പും സ്ഥാപിച്ചു. എന്നാൽ ഈ പമ്പ് തകരാറിലായതോടെ, വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായി. സ്വകാര്യ ഏജൻസികൾ കൊണ്ടുവരുന്ന വെള്ളം, ദിവസം 600 രൂപയോളം ചെലവാക്കിയാണ് വാങ്ങിയിരുന്നത്. കൂലിപ്പണി ചെയ്തും മറ്രും കുടുംബം പോറ്റുന്നവർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടായിരുന്നത്. വേനൽകാലത്തും ഇവിടെ കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്നു. എന്നാൽ അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്താണ് പരിഹാരം കണ്ടെത്തിയത്.