blast
ദേശീയപാതയിൽ കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷനിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിച്ചയിടം

കൊല്ലം: ദേശീയപാത വികസനത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷനിൽ അനുമതി വാങ്ങാതെയും സുരക്ഷാമുന്നൊരുക്കങ്ങളില്ലാതെയും സ്ഫോടനം നടത്തി പാറ പൊട്ടിച്ചു. പൊട്ടിത്തെറിച്ച പാറച്ചീളുകൾ 300 മീറ്റർ വരെ തെറിച്ച് ആറ് വീടുകൾക്ക് മുകളിൽ പതിച്ചു. നാല് വീടുകളുടെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടായതായും പരാതിയുണ്ട്. ആർക്കും പരിക്കില്ല.

ഇന്നലെ രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ദേശീയപാത വികസനത്തിന് ഈ ഭാഗത്ത് പാറക്കെട്ടുള്ള സ്ഥലം ഏറ്രെടുത്തിരുന്നു. നേരത്തെ ഈ ഭാഗത്തെ പാറകൾ യന്ത്രങ്ങൾ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് കരാർ കമ്പനിയിൽ നിന്ന് പാറ പൊട്ടിക്കാൻ കരാറെടുത്തയാൾ വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കുകയായിരുന്നു. കെമിക്കൽ ഉപയോഗിച്ച് പാറ പൊട്ടിക്കാൻ ജിയോളജി വകുപ്പിന്റെ അനുമതി വേണം. സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ ജിയോളജി വകുപ്പിന് പുറമെ പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്ടി ഓർഗനൈസേഷന്റെ അനുമതിയും വാങ്ങണം. ഇതൊന്നുമില്ലാതെയാണ് റോഡ് വക്കിൽ സ്ഫോടനം നടത്തിയത്.

സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജനവാസ മേഖലയിൽ നിന്ന് 50 മീറ്റർ ദൂരപരിധി പാലിച്ചേ പാറപൊട്ടിക്കാനുള്ള സ്ഫോടനം നടത്താവൂയെന്നും ചട്ടമുണ്ട്. എന്നാൽ കല്ലുവാതുക്കലിൽ സ്ഫോടനം നടത്തിയ പാറക്കെട്ടിന് മുകളിൽ നിരവധി വീടുകളുണ്ട്. പാറപൊട്ടിക്കാനെത്തിയവർക്ക് പുറമേ തൊട്ടടുത്ത് അഞ്ചോളം തൊഴിലാളികൾ പാർശ്വഭിത്തി നിർമ്മാണത്തിലും ഏർപ്പെട്ടിരുന്നു. നാട്ടുകാർ സംഘടിച്ചതോടെ തൊഴിലാളികൾ സ്ഥലത്തുനിന്ന് മുങ്ങി.

പാറ പൊട്ടിത്തെറിച്ചത് വീടുകളിലേക്ക്

 പാറച്ചീളുകൾ 300 മീറ്റർ അകലത്തിൽ വീടുകൾക്ക് മുകളിലേക്ക് പതിച്ചു

 വീടുകളുടെ ഭിത്തികൾക്ക് വിള്ളലെന്നും പരാതി

 ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന ഭാഗം

 സ്ഫോടക വസ്തുക്കളും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു

 അനധികൃതമായി പൊട്ടിച്ച പാറയും പിടിച്ചെടുക്കും

 ഫോറൻസിക് സംഘം തെളിവെടുക്കും

ദേശീയപാതയിൽ നിന്ന് അകലം

കഷ്ടിച്ച് 20 മീറ്രർ

അന്വേഷണത്തിന് കളക്ടറുടെ നിർദ്ദേശം

കളക്ടറുടെ നിർദ്ദേശ പ്രകാരം അസി. ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. പാറ പൊട്ടിക്കാൻ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

അനധികൃത സ്ഫോടനം നടത്തിയ കരാറുകാർക്കും തൊഴിലാളികൾക്കുമെതിരെ കേസെടുക്കാൻ പാരിപ്പള്ളി പൊലീസിന് നിർദ്ദേശം നൽകി

ജില്ലാ ജിയോളജിസ്റ്റ് അധികൃതർ