ഏരൂർ: കോട്ടുക്കൽ കൃഷി ഫാം കാട്ടുപന്നികളുടെ താവളമായി മാറി. അതോടെ പ്രദേശത്ത് കൃഷി അവസാനിപ്പിച്ച് നാട്ടുകാർ. രാത്രി മുഴുവൻ വിളകൾ നശിപ്പിച്ച് വിളയാടുന്ന പന്നിക്കൂട്ടം പകൽ കൃഷി ഫാമിൽ സുരക്ഷിതമായി താവളമുറപ്പിക്കുന്നു. രാത്രി 7 മണിയോടെ കൂട്ടമായെത്തുന്ന പന്നിക്കൂട്ടത്തിന് കണ്ണിൽ കാണുന്ന വിളകൾ കുത്തിമറിക്കുന്നത് വിനോദമാണ്.

ഇടയ്‌ക്ക് നാട്ടുകാരിൽ ചിലരെ ആക്രമിക്കാനും ശ്രമങ്ങൾ നടന്നു. പലരും നേരിയ വ്യത്യാസത്തിലാണ് വലിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

മയിലുകളും

ഏകദശം 100 ഏക്കറുള്ള കൃഷി ഫാമിൽ പറങ്കിമാവ് കൂട്ടത്തിന്റെ തണലിലാണ് പന്നികൾ പകൽ സമയം ആരുടെയും കണ്ണിൽപ്പെടാതെ കഴിയുന്നത്. കൃഷി ഫാമിലെ പച്ചക്കറിത്തോട്ടം വലയുപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നതിനാൽ പന്നികളുടെ ആക്രമണത്തിൽ നിന്ന് സുരക്ഷിതമാണ്.

പന്നികളെ കൂടാതെ മയിലുകളും കൃഷി ഫാം താവളമാക്കിയിരിക്കുകയാണ്. നെൽക്കൃഷിയും പച്ചക്കറിയുമാണ് മയിലുകൾ കൊത്തിപറിക്കുന്നത്.