കൊല്ലം: മൂന്ന് ജനറൽ സർജന്മാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കേണ്ടി വരുന്നത് രണ്ട് മുതൽ നാല് മാസം വരെ. ആറ് ഓപ്പറേഷൻ തീയേറ്ററുകളുണ്ടായിട്ടും സർജന്മാരുടെ കുറവ് കാരണം ആഴ്ചയിൽ ശരാശരി 20 ശസ്ത്രക്രിയകൾ മാത്രമാണ് നടക്കുന്നത്.
ജില്ലാ ആശുപത്രിയിൽ ആറ് ജനറൽ സർജന്മാരുടെ തസ്തികകളുണ്ടെങ്കിലും മൂന്നുപേർ മാത്രമാണ് നിലവിലുള്ളത്. ഇതിൽ ഒരു ജനറൽ സർജന്റെ തസ്തിക എട്ട് വർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. മറ്റ് രണ്ടെണ്ണം ഒഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. ആറ് സർജന്മാർ ഉണ്ടായിരുന്നപ്പോൾ ആഴ്ചയിൽ ശരാശരി 40 ശസ്ത്രക്രിയകൾ വരെ നടക്കുമായിരുന്നു. ഇപ്പോഴുള്ള മൂന്നുപേർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ശസ്ത്രക്രിയയ്ക്കായി മാറ്റിവയ്ക്കുന്നത്. ഒരു ജനറൽ സർജൻ ദിവസം പരമാവധി അഞ്ച് ശസ്ത്രക്രിയകൾ വരെ ചെയ്യും. അടിയന്തരമായി ചെയ്യേണ്ടവ മാത്രമാണ് ദിവസങ്ങൾക്കുള്ളിൽ ചെയ്യുന്നത്. മൂന്നും നാലും മാസം കഴിഞ്ഞുള്ള തീയതി ലഭിക്കുന്നവരിൽ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. അതിനുള്ള പണമില്ലാത്തവർ മാത്രമാണ് കാത്തിരിക്കുന്നത്.
ഒഴിവുകൾക്ക് വർഷങ്ങളുടെ പഴക്കം
മൂന്ന് ഒഴിവുകളിൽ ഒന്നിന് എട്ട് വർഷത്തെ പഴക്കം
ഒരു സർജന് ദിവസം 300 ഒ.പി വരെ നോക്കേണ്ടിവരുന്നു
രാവിലെ 9ന് ആരംഭിക്കുന്ന ഒ.പി വൈകിട്ട് മൂന്നുവരെ നീളും
വിവിധ വിഭാഗങ്ങളിൽ കൺസൾട്ടന്റുമാരുടെ തസ്തികകളും കാലി
ജനറൽ സർജന്മാരുടെ ഒഴിവ്-03
നിലവിലുള്ളത്-03പേർ
ഓപ്പറേഷൻ തീയേറ്ററുകൾ-06
ജനറൽ സർജന്മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് പലതവണ ഡയക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വൈകാതെ നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.
ജില്ലാ ആശുപത്രി അധികൃതർ