കൊല്ലം: കേരളീയ സമൂഹത്തെ പുരോഗമന പക്ഷത്തേക്ക് നയിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച എഴുത്തുകാരനാണ് തിരുനല്ലൂർ കരുണാകരനെന്ന് മന്ത്രി പി.പ്രസാദ്. സങ്കല്പങ്ങളെ യാഥാർത്ഥ്യങ്ങളുമായി കൂട്ടിയിണക്കുന്നതിൽ അസാധാരണ മികവ് കാണിച്ച തിരുനല്ലൂർ യാഥാർത്ഥ്യങ്ങളുടെ പച്ചമണ്ണിൽ ഉറച്ചുനിന്ന കവികൂടിയാണ്. തിരുനല്ലൂരിന്റെ 18-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുനല്ലൂർ സ്മൃതികേന്ദ്രം സി.കെ.പി ജംഗ്ഷന് സമീപം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇടതുപക്ഷത്തെ പിന്തുണയ്ക്കുമ്പോഴും വീഴ്ചകളെ നിശിതമായി വിമർശിക്കാനും തിരുനല്ലൂർ തയ്യാറായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഡ്വ.കെ.പി.സജിനാഥ് അദ്ധ്യക്ഷനായി. കേരള സർവകലാശാല മലയാളം വിഭാഗം മേധാവി ഡോ.സീമ ജെറോം, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, കൊല്ലം കോർപ്പറേഷൻ കൗൺസിലർ സ്വർണമ്മ എന്നിവർ സംസാരിച്ചു. പിന്നണി ഗായിക ലതിക, കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവർ തിരുനല്ലൂർ കവിതകൾ ആലപിച്ചു. പി.ദിനേശൻ സ്വാഗതവും വി.ആർ.ശർമ്മചന്ദ്രൻ നന്ദിയും പറഞ്ഞു.