കൊല്ലം: ക്യാരി ബാഗുകളുടെ ഉത്പാദനം നിറുത്താതെ, പ്ലാസ്റ്റിക് വ്യാപാരത്തിന്റെ പേരിൽ ചെറുകിട കച്ചവടക്കാർക്ക് 10,000 ഉം 25,000 ഉം പിഴ ഈടാക്കുന്ന നെടുമ്പന ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
പ്രതിദിനം 100 രൂപ പോലും വരുമാനമില്ലാത്ത സാധാരണ കടകൾക്ക് പോലും ഗ്രാമപഞ്ചായത്ത് 10,000 രൂപ വരെ പിഴ ഈടാക്കുകയാണ്. വരും ദിവസങ്ങളിൽ കടയടയ്ക്കൽ സമരം ഉൾപ്പെടെയുള്ളവ നടത്തുമെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് കൊട്ടാരക്കര അദ്ധ്യക്ഷത വഹിച്ചു. ബിനോയ് ഷാനൂർ, ഷമീർഖാൻ, സലാഹുദ്ദീൻ, നിഷാദ് തലവൂർക്കോണം, ബിജു പഴങ്ങാലം, ജേക്കബ് നല്ലില, ദീപ ആൽബർട്ട്, അതുൽ പള്ളിമൺ, ശിഹാബുദ്ദീൻ, ജാഫർ ജാഫർ, അജ്മൽ പള്ളിമുക്ക്, ഷൈജു, കെ. ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.