കൊല്ലം: ജില്ലയിൽ ആദ്യമായി നബാർഡ് നടപ്പാക്കുന്ന സംയോജിത പട്ടിക വർഗ വികസന പരിപാടിക്ക് തിങ്കളാഴ്ച തുടക്കമാകും. പരിസ്ഥിതി സംഘടനയായ തണലാണ് പദ്ധതി നടപ്പാക്കുന്നത്.
തിങ്കളാഴ്ച കുളത്തൂപ്പുഴ കടമാൻകോട് മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു.എൻ.കുറുപ്പ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടമായി വിവിധ വിളകളുടെ തൈകൾ വിതരണം ചെയ്യും. എട്ട് ഊരുകളിലായി താമസിക്കുന്ന 413 കുടുംബങ്ങളുടെ സുസ്ഥിര ഉപജീവനമാർഗവും കാർഷിക പുരോഗതിയും ലക്ഷ്യമിട്ടാണ് അഞ്ചുവർഷം നീളുന്ന വികസന പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുരുമുളക്, കവുങ്ങ്, തെങ്ങ്, ഇഞ്ചി, കോൽ ഇഞ്ചി, മഞ്ഞൾ, പടവലം തുടങ്ങിയ കാർഷിക വിളകളുടെ പ്രോത്സാഹനവും ആട്, കോഴി, തേനീച്ച വളർത്തൽ, മത്സ്യക്കൃഷി, തീറ്റപ്പുല്ല് ഉത്പാദനം തുടങ്ങിയ സംരംഭങ്ങൾക്കും ഊന്നൽ നൽകുന്നുണ്ട്.