ചാത്തന്നൂർ: അദ്ധ്യാപികയുടെ ദേഹത്ത് ഗേറ്റ് വീണ സംഭവത്തിൽ കരാറുകാരനെതിരെ കുറ്റപത്രം സമർപ്പിച്ചു. ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്‌ബിയുടെ സഹായത്തോടെ പണികഴിപ്പിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ഗേറ്റ് 2022 ഒക്ടോബറിൽ അദ്ധ്യാപികയുടെ ദേഹത്ത് വീഴുകയായിരുന്നു. വലത് കാൽ മുട്ടിന്റെ ചിരട്ട തകർന്നു. സ്‌കൂൾ അധികൃതർ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ല. ഇതേ തുടർന്ന് അദ്ധ്യാപിക അഡ്വ. ചാത്തന്നൂർ എ.ആർ.സജ്ജു മുഖാന്തിരം പരവൂർ കോടതിയിൽ സ്വകാര്യ അന്യായം ബോധിപ്പിച്ചതിനെ തുടർന്നാണ് കരാറുകാരനെതിരെ ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.