kudu
കുടുംബശ്രീ ബ്രാൻഡ്

കൊല്ലം: കറിപ്പൊടി കളിപ്പീരാകുന്ന കാലത്ത് വിപണി പിടിച്ചെടുക്കാൻ കുടുംബശ്രീ ബ്രാൻഡ് കറിപ്പൊടികളെത്തുന്നു. ഓണ വിപണി ലക്ഷ്യമിട്ടാണ് ജില്ലയിലെ കറി പൗഡർ സംരംഭക യൂണിറ്റുകൾ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

ജില്ലയിലെ കുടുംബശ്രീ സംരംഭകരെ യോജിപ്പിച്ച് കൺസോഷ്യം രൂപീകരിച്ച് ഏകീകൃത ബ്രാൻഡിലും പായ്ക്കറ്റിലുമാണ് ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുക. തിരഞ്ഞെടുത്ത യൂണിറ്റുകൾക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം, വിദഗ്ദ്ധരുടെ ക്ലാസുകൾ എന്നിവ നൽകിവരികയാണ്. കൂടുതൽ യൂണിറ്റുകളെ പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

സംരംഭക യൂണിറ്റുകൾക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ.എൽ) ട്രെയിനിംഗ് ഉൾപ്പെടെ നൽകിയാണ് കൺസോർഷ്യം രൂപീകരിച്ചത്.

മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഗരം മസാല, സാമ്പാർ പൊടി, ഫിഷ് മസാല, ഗോതമ്പുപൊടി, വറുത്ത അരിപ്പൊടി, പുട്ടുപൊടി എന്നീ 11 ഇനങ്ങളാണ് കുടുബശ്രീ ബ്രാൻഡിൽ വിപണിയിലേക്ക് എത്തുന്നത്.

11 ഇനം കറി, ധാന്യപ്പൊടികൾ

 പൂർണമായും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചാണ് കറിപ്പൊടികളും ധാന്യപ്പൊടികളും വിപണിയിൽ എത്തിക്കുക

 ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ച് ഗുണമേന്മ ഉറപ്പാക്കി പായ്ക്കിംഗ്

 ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് ഏകോപന ചുമതല കൊല്ലം കുടുംബശ്രീ ഫുഡ് പ്രോസസിംഗ് കൺസോർഷ്യത്തിന്

 അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതും വിപണനം നടത്തുന്നതും കൺസോർഷ്യം

ജില്ലയിൽ സംരംഭക യൂണിറ്റുകൾ - 19

ഓണവിപണി ലക്ഷ്യമിട്ടാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കുടുംബശ്രീ ബ്രാൻഡ് കറി പൗഡർ വിപണിയിലെത്തിക്കുന്നത്. മായം കലരാത്ത കറിപൗഡറുകളും ധാന്യപ്പൊടികളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

വിമൽ ചന്ദ്രൻ, കോ ഓഡിനേറ്റർ

കുടുംബശ്രീ ജില്ലാമിഷൻ