1.17 കോടി ചെലവിട്ട പാർക്ക് നോക്കുകുത്തി
കൊല്ലം: ആശ്രാമം ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം കൊല്ലം കോർപ്പറേഷന്റെ അധീനതയിലുള്ള സ്ത്രീ സൗഹൃദ പാർക്ക് കാടുകയറി ഉപയോഗ രഹിതമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
നഗരത്തിരക്കുകളിൽ നിന്ന് മാറി ഒന്നു വിശ്രമിക്കാനും സമയം ചെലവിടാനും ഇവിടേക്ക് എത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. പാർക്കിന്റെ പലഭാഗങ്ങളും കാട് കയറിയും പരിസരം കരിയില വീണും വൃത്തിഹീനമായി. പാർക്കിലെ ഇരിപ്പിടങ്ങളിൽ വരെ പുല്ല് പടർന്നു കയറി. പലതും തകർന്നു. കൊതുകിന്റെ വിഹാര കേന്ദ്രമാണിവിടം. കാട് വെട്ടിത്തളിച്ച് വൃത്തിയാക്കുന്നതിനു പകരം, കാടുപിടിക്കാതെ കിടക്കുന്ന കുറച്ചുഭാഗം മാത്രം തൊഴിലാളികൾ തൂത്തുവാരി പോകുന്നുവെന്നും ആക്ഷേപമുണ്ട്. ടിക്കറ്റ് കൗണ്ടറിന്റെയും ഗേറ്റിന്റെയും പൂട്ടുകൾ തുരുമ്പെടുത്തു. പാർക്കിന്റെ ദുരവസ്ഥ കാരണം ആരും ഇവിടേക്ക് അടുക്കാത്ത സ്ഥിതിയാണ്.
വ്യവസായ പ്രമുഖനും വിദ്യാഭ്യാസം അടക്കമുള്ള രംഗങ്ങളിൽ തന്റേതായ സംഭാവന നൽകിയ ആളുമായ എ. തങ്ങൾ കുഞ്ഞ് മുസലിയാരുടെ പേരിലുള്ളതാണ് പാർക്ക്. അദ്ദേഹത്തെക്കൂടി അവഹേളിക്കുന്ന സമീപനമാണ് പാർക്കിന്റെ കാര്യത്തിൽ കോർപ്പറേഷൻ അധികൃതർക്കെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തരമായി പാർക്ക് പൂർണ പ്രവർത്തന സജ്ജമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പാർക്കിന് അഞ്ചു വയസ്
2019 സെപ്തംബർ 2ന് അന്നത്തെ മന്ത്രി എ.സി. മൊയ്തീനാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. ഉദ്ഘാടന ശേഷം പേരിനുമാത്രം കുറച്ചു ദിവസം പ്രവർത്തിച്ച പാർക്ക് പിന്നീട് പൂർണമായി അടഞ്ഞു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് വീണ്ടും തുറന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പലപ്പോഴും അടച്ചിടുന്നതാണ് പതിവ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 1.17 കോടി ചെലവഴിച്ച് നിർമ്മിച്ച എ.തങ്ങൾ കുഞ്ഞ് മുസലിയാർ പാർക്കിന് പിന്നീട് സ്ത്രീ സൗഹൃദ പാർക്ക് എന്ന് കൂടി പേര് നൽകുകയായിരുന്നു.