കൊട്ടാരക്കര : പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് സ്വന്തം പ്രയത്‌നം കൊണ്ട് ഉയർന്നുവന്നയാളാണ് കെ.എൻ.സത്യപാലൻ എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെയും ശാഖകളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.എൻ.സത്യപാലൻ അനുസ്മരണവും സ്വാമി ശാശ്വതീകാനന്ദയുടെ 22-ാമത് സമാധി ദിനാചരണവും കെ.എൻ.എസ് നഗർ ജി.ഗുരുദാസ് സ്മാരക പ്രാർത്ഥന ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പം മുതൽ അറിയാവുന്ന കെ.എൻ.സത്യപാലനെ ഏറെ ബഹുമാനത്തോടെയാണ് എന്നും കണ്ടിരുന്നത്. കൈ തൊട്ട മേഖലകളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ഭ്രാന്താലയം എന്നു വിളിച്ചിരുന്ന കേരളത്തെ ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റാൻ എസ്.എൻ.ഡി.പി പോലുള്ള സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ന് വിവേകാനന്ദന്റെ നാട്ടിൽ നിന്ന് എത്തുന്നവർ കേരളത്തെ പ്രശംസിക്കുന്ന നിലയിലേക്ക് കേരളം മാറി. കേരള മോഡൽ എന്ന പ്രയോഗം തന്നെ ഉണ്ട്. യൂറോപ്പിലും അമേരിക്കയിലുമുള്ള ജീവിത സാഹചര്യത്തിന്റെ നിലവാരത്തിലേക്ക് നമ്മളും ഉയരുകയാണ് . ഇതിനെല്ലാം ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായമാണ് കാരണമായത്. ഈ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാൻ ഒരുകാലത്ത് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടം ചെറുതല്ല. പഴയ തലമുറ ചെയ്തതിനേക്കാൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പുതിയ തലമുറയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനായി. ശ്രീനാരായണ മെരിറ്റ് അവാർഡ് വിതരണം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് അംഗവും സിനിമ നിർമ്മാതാവുമായ വിനായക എസ്.അജിത്ത്കുമാർ, മുൻ യൂണിയൻ സെക്രട്ടറിയും നിയുക്‌ത ബോർഡ് അംഗവുമായ ജി.വിശ്വംഭരൻ എന്നിവർ മുഖ്യ അനുസ്മരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യോഗം ബോർഡ് അംഗങ്ങളായ അഡ്വ.പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, നിയുക്ത ബോർഡ് അംഗം അനിൽ ആനക്കോട്ടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ സ്വാഗതവും യൂണിയൻ കൗൺസിലർ ആർ.വരദരാജൻ നന്ദിയും പറഞ്ഞു.