കരുനാഗപ്പള്ളി: ദേശീയപാതാ വികസനം യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. ഗ്രാമീണ റോഡുകൾ അടച്ചുള്ള നിർമ്മാണമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ഓച്ചിറ മുതൽ കന്നേറ്റി വരെയുള്ള ഭാഗങ്ങളിലാണ് ഗ്രാമീണ റോഡുകൾ ബ്ലോക്ക് ചെയ്ത് ദേശീയപാതയുടെ നിടമ്മാണം നടത്തുന്നത്. കരുനാഗപ്പള്ളിയുടെ പടിഞ്ഞാറും കിഴക്കുമുള്ള പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന നിരവധി ഗ്രാമീണ റോഡുകളുണ്ട്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദേശീയപാതയിൽ പ്രവേശിക്കാനുള്ള എളുപ്പ മാർഗം ഗ്രാമീണ റോഡുകളാണ്.
സൈൻ ബോർഡുകളില്ല
ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ വേണ്ടത്ര സൈൻ ബോർഡുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ വഴി തെറ്റി പോകുന്നത് പതിവാണ്. കാൽനട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ദേശീയപാതയുടെ വശങ്ങളിലുള്ള ഇലക്ട്രിക്കൽ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ഓടയും സർവീസ് റോഡുകളും ആദ്യം നിർമ്മിക്കുകയും ചെയ്തിരുന്നെങ്കിൽ നിലവിലുള്ള പല ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നു. പല സ്ഥലങ്ങളിലും സർവീസ് റോഡിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. ഈ നില തുടരുകയാണെങ്കിൽ വാഹന യാത്രക്കാരും കാൽനട യാത്രക്കാരും കുറേനാൾ ബുദ്ധിമുട്ടേണ്ടി വരും.