കൊട്ടിയം: നിർദ്ധനരായ കുട്ടികൾക്കുള്ള ജില്ലാ ശിശുക്ഷേമ സമിതിയുടെ പഠനമിത്രം പദ്ധതിക്കായി മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ സമാഹരിച്ച ബുക്കുകളും ബാഗുകളും പഠനോപകരണങ്ങളും ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ കൈമാറിയത് വ്യത്യസ്തമായ അനുഭവമായി. ഡെപ്യൂട്ടി മേയർ കൊല്ലം മധുവാണ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങിയത്. പാത്തുമ്മയുടെയും സുഹറയുടെയും സൈനബയുടെയും വേഷം ധരിച്ചെത്തിയ പെൺകുട്ടികളാണ് കൗതുകക്കാഴ്ചയായത്. സ്‌കൂൾ ഭാഷാ ക്ലബിലെയും എൻ.എസ്.എസ് യൂണിറ്റിലെയും കുട്ടികൾ സമാഹരിച്ച പഠന വസ്തുക്കളാണ് ഡെപ്യൂട്ടി മേയർ ഏറ്റുവാങ്ങിയത്. ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.ഷെൻദേവ് അദ്ധ്യക്ഷനായി. ട്രഷറർ എൻ.അജിത്ത് പ്രസാദ്, സ്‌കൂൾ പ്രിൻസിപ്പൽ ദീപ സോമൻ, ഹെഡ് മാസ്റ്റർ സി.ബിനു, സ്റ്റാഫ് സെക്രട്ടറി അമൽ.സി.നായർ എന്നിവർ പങ്കെടുത്തു.