പുനലൂർ: ടൗണിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് കാരണം വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ കയറി നിൽക്കാൻ ഇടം ഇല്ലാതെ മഴ നനയേണ്ട അവസ്ഥയാണ്. വേനൽക്കാലത്ത് പൊരിവെയിൽ കൊണ്ട് നിൽക്കണം. തിരക്കേറിയ പുനലൂർ പോസ്റ്റോഫിസ് ജംഗ്ഷനിലാണ് വർഷങ്ങളായി വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത്. ടൗണിലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ഗോരേറ്റി ഹൈസ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ കുട്ടികൾ മഴയും വെയിലുമേറ്റ് ബസ് കാത്തു നിൽക്കുന്നത് പതിവ് കാഴ്ചയാണ്.

അധികൃതർ തയ്യാറല്ല, പ്രതിഷേധം

എട്ട് വർഷം മുമ്പ് പോസ്റ്റോഫിസിന് മുന്നിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് അധികൃതർ പൊളിച്ച് നീക്കിയെങ്കിലും പകരം സംവിധാനം ഒരുക്കിയിരുന്നില്ല. പോസ്റ്റോഫീസിന് മുന്നിൽ വെയിറ്റിംഗ് ഷെഡ് പണിയാനുള്ള സൗകര്യം ഉണ്ടെങ്കിലും ബന്ധപ്പെട്ടവർ അതിന് തയ്യാറാകാത്തതാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ വലക്കുന്നത്. നിലവിൽ ചെമ്മന്തൂരിലും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് സമീപത്തും വെയിറ്റിംഗ് ഷെഡ് ഉണ്ടെങ്കിലും പ്രധാന ജംഗ്ഷനായ പോസ്റ്റോഫീസ് കവലയിൽ വെയിറ്റിംഗ് ഷെഡ് പണിയാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്.