കൊല്ലം : കരീപ്ര ഗ്രാമപഞ്ചായത്തിലെ തളവൂർക്കോണം സി.എം.എ ജംഗ്ഷനിൽ സ്ഥാപിക്കാൻ തീരുമാനിച്ച ഹൈ മാസ്റ്റ് ലൈറ്റ് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ മന്ത്രി കെ.എൻ. ബാലഗോപാലിന് പരാതി നൽകി. നാട്ടുകാരുടെ നിവേദനത്തെ തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് ലൈറ്റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ ഗ്രാമ പഞ്ചായത്തംഗം പി.എസ്.പ്രശോഭയുടെ നേതൃത്വത്തിൽ മറ്റൊരു സ്ഥലത്തേക്ക് ഇത് മാറ്റാൻ ശ്രമിക്കുന്നതായാണ് ആരോപണം. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച് പ്രദേശവാസികൾ ഒപ്പിട്ട പരാതി മന്ത്രിക്ക് നൽകിയത്. പ്രദേശത്തെ പ്രധാന കവലയും ജില്ലയിൽ അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രവുമാണ് സി.എം.എ. സി എം എ പ്രവർത്തകരും പൊതുജനങ്ങളും ചേർന്നാണ് ഹൈ മാസ്റ്റ് ലൈറ്റിനായുള്ള നിവേദനം ബാലഗോപാലിന് നൽകിയത്. മുൻ എം.എൽ. എ ഐഷാ പോറ്റിക്കും നിവേദനങ്ങൾ നൽകിയിരുന്നു.
പത്രികയിൽ കാണാം
നവകേരള സദസുമായി ബന്ധപ്പെട്ട് പുതിയ കാലം പുതിയ കൊട്ടാരക്കര എന്ന പേരിൽ പുറത്തിറക്കിയ പത്രികയിൽ സി. എം. എ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിനായി 3.11 ലക്ഷം അനുവദിച്ചതായി വ്യക്തമാക്കിയിരുന്നു. തെളിയും ഹൈ മാസ്റ്റ് ലൈറ്റുകൾ എന്ന തലക്കെട്ടിന് താഴെയായിരുന്നു ഇത്.
എന്നാൽ മറ്റൊരു സ്ഥലത്ത് ലൈറ്റ് സ്ഥാപിക്കാൻ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് ഇടതുപക്ഷ പ്രവർത്തകരടക്കമുള്ള പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയത്.