ആദ്യം 2 കോടി
ഇപ്പോൾ 63 ലക്ഷം രൂപ
കൊട്ടാരക്കര: ഓണത്തിന് മുൻപ് കൊട്ടാരക്കരയിൽ സാംസ്കാരിക സമുച്ചയ നിർമ്മാണം തുടങ്ങും. അന്തിമ രൂപരേഖയനുസരിച്ച് വേണ്ടിവന്ന അധിക തുകയും അനുവദിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി ആദ്യം 2 കോടി രൂപയാണ് സാംസ്കാരിക സമുച്ചയ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. ഇപ്പോൾ 63 ലക്ഷം രൂപ കൂടി അനുവദിച്ചു. അധിക തുകയുടെ ഭരണാനുമതിയായി. സാങ്കേതിക അനുമതികൂടി ലഭിക്കേണ്ട താമസമേയുള്ളു. തുടർന്ന് ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ ജോലികൾ തുടങ്ങും. ചന്തമുക്കിൽ നിലവിൽ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിലാണ് പൊതു ഇടം നിലനിറുത്തിക്കൊണ്ടുതന്നെ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നത്. താഴെ വാഹന പാർക്കിംഗ് നടത്താൻ കഴിയുംവിധം തൂണുകളിലാണ് കെട്ടിടം സജ്ജമാക്കുക.
മതിയായ സൗകര്യങ്ങളോടെ
സാംസ്കാരിക സമുച്ചയത്തിന്റെ മുകളിൽ 250 പേർക്ക് ഇരിക്കാവുന്ന ഹാളും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും
ചെറിയ ഹാൾ, ഓഫീസ് മുറികൾ, ലൈബ്രറി, ടൊയ്ലറ്റുകൾ ർ
ദേശീയപാതയോട് ചേരുന്ന മുഖഭാഗത്ത് മനോഹരമായ കവാടമൊരുക്കും
പൊതു പരിപാടികൾ നടത്താവുന്ന വിധത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ടാകും
മുൻ മന്ത്രി ആർ.ബാലകൃഷ്ണ പിള്ളയുടെ സ്മാരകമായിട്ടാണ് സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നത്
പൊതു-സ്വകാര്യ പരിപാടികൾക്ക് വാടകയ്ക്കും അല്ലാതെയുമായി ഓഡിറ്റോറിയവും പുറമെയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയവുമൊക്കെ ഉപയോഗിക്കാം.
സാംസ്‌കാരിക സമുച്ചത്തിന് കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് നിർമ്മാണ ജോലികൾ തുടങ്ങാം. പൊതു ഇടം സംരക്ഷിച്ചുകൊണ്ടാണ് നിർമ്മാണം.
എസ്. ആർ. രമേശ്,
നഗരസഭ ചെയർമാൻ
കൊട്ടാരക്കര പട്ടണത്തിൽ സാംസ്‌കാരിക ഇടമില്ലാത്ത സ്ഥിതിയുണ്ട്. ചന്തമുക്കിൽ സാംസ്‌കാരിക സമുച്ചയം വലിയ ഗുണം ചെയ്യും. എന്നാൽ വലിയ ഓഡിറ്റോറിയം പിന്നാലെ നിർമ്മിക്കും. ഇതിന് വേറെ സ്ഥലം ക്രമീകരിക്കും.
കെ.എൻ.ബാലഗോപാൽ
മന്ത്രി