പരസ്പരം പഴിചാരി അധികൃതർ
കൊല്ലം: ശക്തികുളങ്ങരയിൽ കുടിവെള്ളം മുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും പരിഹാരമുണ്ടാക്കാതെ പരസ്പരം പഴിചാരി ദേശീയപാത അതോറിട്ടിയും ജല അതോറിട്ടിയും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിട്ടി നടത്തുന്ന ഓട നിർമ്മാണത്തോടെയാണ് കുടിവെള്ളം കിട്ടാക്കനിയായത്.
കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ച് ഓട നിർമ്മിക്കാനുള്ള എസ്‌റ്റിമേറ്റ് വാട്ടർ അതോറിട്ടി അധികൃതർ ദേശീയപാത അതോറിട്ടിക്ക് സമർപ്പിച്ചെങ്കിലും പലേടത്തും പൈപ്പുകൾ മാറ്റാതെയാണ് ഓടയുടെ പണി പുരോഗമിക്കുന്നത്. ഇന്നലെ വാട്ടർ അതോറിട്ടി രണ്ടിടത്ത് ചോർച്ച കണ്ടെത്തി. നിരന്തര സഞ്ചാരമില്ലാത്തതിനാൽ കാടുമൂടിക്കിടന്ന ഭാഗത്താണ് ചോർച്ച. ഇവിടെ നിന്ന് ചോരുന്ന വെള്ളം തോട്ടിലൂടെ ഒഴുകുന്നതിനാലാണ് ചോർച്ച കണ്ടെത്താനായത്.
വാട്ടർ അതോറിട്ടിയുടെ വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് ജലവിതരണം മുടങ്ങിയതിന്റെ കാരണം പോലും വ്യക്തമായി അറിയാൻ കഴിയുന്നില്ല. കൊല്ലം കോർപ്പറേഷൻ രണ്ട്, മൂന്ന് ഡിവിഷനുകളിൽപ്പെടുന്ന ചക്കിണാത്തറ, മലയാളം നഗർ, കല്ലുംപുറം, മരിയാലയം പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ബൈപ്പാസ് വന്നതോടെ സർവീസ് റോഡായ പഴയ പാതയോട് ചേർന്നാണ് പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. പഴയ റോഡിൽ ദേശീയപാത അതോറിട്ടി ഓട നിർമ്മാണം ആരംഭിച്ചതോടെ പൈപ്പുകൾ പൊട്ടിയൊഴുകാനും തുടങ്ങി.
വരൾച്ചയുടെ നാളുകളിലും സമാന സാഹചര്യമുണ്ടായിരുന്നു. ജല അതോറിട്ടിയും ദേശീയപാത അധികൃതരും തമ്മിലുള്ള ശീതസമരം കാരണം വല്ലാത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്
പ്രദേശവാസികൾ