കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശൂരനാട് സ്ഥാപിച്ച റൈസ് മിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തുറക്കുന്നു. ആവശ്യമായ യന്ത്രങ്ങളെല്ലാം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകി മില്ലിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് കൈമാറും.
ജില്ലയിലെ കർഷകർ എത്തിക്കുന്ന നെല്ല് കുത്തി അരിയാക്കി നൽകും. അതിന് പുറമേ മിൽ കേന്ദ്രീകരിച്ച് മുളക്, മല്ലി, മഞ്ഞൾ, അരി, ഗോതമ്പ്, പച്ചരി തുടങ്ങിയവ പൊടിച്ച് പായ്ക്കറ്റുകളിലാക്കി വിൽക്കുന്ന യൂണിറ്റ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കും. ജില്ലാ പഞ്ചായത്ത്, പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാകും മില്ലിന്റെ പ്രവർത്തനം. മൂന്ന് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ യൂണിറ്റുകളടങ്ങുന്ന ഗ്രൂപ്പിനാകും മില്ലിന്റെ നടത്തിപ്പ് ചുമതല.
2015ലാണ് ജില്ലാ പഞ്ചായത്ത് ശൂരനാട് റൈസ് മിൽ പദ്ധതി ആവിഷ്കരിച്ചത്. ജില്ലയിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി ശൂരനാട് ബ്രാൻഡ് അരി വിപണയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. കെട്ടിടം നിർമ്മിച്ചെങ്കിലും യന്ത്രങ്ങൾ സ്ഥാപിക്കാതെ മില്ലിന്റെ പ്രവർത്തനാരംഭം നീളുകയായിരുന്നു. വമ്പൻ മിൽ സജ്ജമാക്കിയാലും പൂർണസമയം പ്രവർത്തിപ്പിക്കാൻ ആവശ്യമായ നെല്ല് കിട്ടില്ലെന്ന നിഗമനത്തിലാണ് മറ്റ് ഉല്പന്നങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നത്.
നടത്തിപ്പ് കുടുംബശ്രീ യൂണിറ്റുകൾക്ക്
കൈമാറുന്നത് മൂന്ന് പഞ്ചായത്തുകളിലെ കുടുംബശ്രീക്ക്
ഓരോ പഞ്ചായത്തിലെയും അഞ്ച് യൂണിറ്റുകളടങ്ങുന്ന ഗ്രൂപ്പ്
150 പേർക്ക് ആകെ തൊഴിൽ
കുറഞ്ഞത് 50 പേർക്ക് ഒരേ സമയം തൊഴിൽ
ചെലവ് - 1.25 കോടി
അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ശൂരനാട് മില്ലിന് യന്ത്രങ്ങൾ വാങ്ങാനുള്ള പദ്ധതി സമർപ്പിച്ച് അംഗീകാരം വാങ്ങും. ഓണത്തിന് മുമ്പേ പ്രവർത്തനം തുടങ്ങും.
പി.കെ.ഗോപൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്