കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാത വീതികൂട്ടി വികസിപ്പിക്കാൻ എൻ.എച്ച്.എ.ഐയുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ സർവേ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ദേശീയപാത ആരംഭിക്കുന്ന ചിന്നക്കട മുതൽ ഗ്രീൻഫീൽഡ് ഹൈവേ ചേരുന്ന അഞ്ചൽ പത്തടി വരെ പുറമ്പോക്ക് സഹിതം നിലവിലുള്ള വീതി തിട്ടപ്പെടുത്താനാണ് സർവേ.
മന്ത്രി കെ.എൻ.ബാലഗോപാൽ എൻ.എച്ച്.എ.ഐ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് കൊല്ലം - തിരുമംഗലം പാതയുടെ നിലവിലെ വീതി തിട്ടപ്പെടുത്താൻ ധാരണയായത്. അതിന് പിന്നാലെ എൻ.എച്ച്.എ.ഐ അധികൃതർ പൊതുമരാമത്ത് വകുപ്പിന് നിശ്ചിത ഇടവേളയിൽ പാതയ്ക്ക് നിലവിലുള്ള വീതി സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തും നൽകി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം കൊല്ലം, പുനലൂർ ഡിവിഷനുകളുടെ നേതൃത്വത്തിൽ പുറമ്പോക്കും കൈയേറ്റങ്ങളുമടക്കം പരിശോധിച്ച് കല്ലുകൾ സ്ഥാപിച്ചാകും സർവേ.
എൻ.എച്ച്.എ.ഐ നേരത്തെ നിയോഗിച്ച സ്വകാര്യ ഏജൻസി കൊല്ലം - തിരുമംഗലം പാത 12 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ വലിയളവിൽ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന റിപ്പോർട്ടാണ് നൽകിയത്. എന്നാൽ പാതയ്ക്ക് ഇരുവശവുമുള്ള പുറമ്പോക്ക് പ്രയോജനപ്പെടുത്തിയാൽ കാര്യമായ സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വരുന്ന സാഹചര്യത്തിൽ കാര്യമായ സ്ഥലം ഏറ്റെടുപ്പ് ആവശ്യമില്ലെങ്കിലേ എൻ.എച്ച്.എ.ഐ പാതയുടെ വികസനം വേഗം ഏറ്റെടുക്കാൻ സാദ്ധ്യതയുള്ളു.
പുറമ്പോക്ക് സഹിതം തിട്ടപ്പെടുത്തും
കൊല്ലം- തിരുമംഗലം പാതയ്ക്ക് 2022ലെ സംസ്ഥാന ബഡ്ജറ്റിൽ പണം
എൻ.എച്ച്.എ.ഐയുടെ പരിഗണനയിൽ ഉള്ളതിനാൽ സംസ്ഥാന സർക്കാർ ഉപേക്ഷിച്ചു
ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ എൻ.എച്ച്.എ.ഐയും പദ്ധതി ഉപേക്ഷിച്ചു
മന്ത്രി കെ.എൻ.ബാലഗോപാൽ നടത്തിയ ചർച്ചയിൽ വിശദ സർവേയ്ക്ക് ധാരണ
ആകെ വീതി -12 മീറ്റർ
ക്യാരേജ് വേ - 7.5 മീറ്റർ
ഇരുവശത്തും 1.5 മീറ്റർ പേവ്ഡ് ഷോൾഡർ
യൂട്ടിലിറ്റി ഏരിയ - 2 മീറ്റർ
പുറമ്പോക്ക് സഹിതം കൊല്ലം- തിരുമംഗലം പാതയുടെ വീതി സംബന്ധിച്ച വിശദ സർവേ എൻ.എച്ച്.എ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാതെ സർവേ ആരംഭിക്കും
എൻ.എച്ച്.എ.ഐ അധികൃതർ