prman-
പെരുമൺ തീവണ്ടി ദുരന്ത അനുസ്മരണ സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നൂറ്റിയഞ്ചുപേരുടെ മരണത്തിനിടയാക്കിയ പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ 36-ാമത് അനുസ്മരണം പെരുമണിൽ അഷ്ടമുടി കായലോരത്തെ ദുരന്തഭൂവിൽ നടന്നു. അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. 1988 ജൂലായ് 8നായിരുന്നു പെരുമൺ ട്രെയിൻ ദുരന്തം.

ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്‌പ്രസ് ട്രെയിനിന്റെ പത്ത് ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് പതിക്കുകയായിരുന്നു. 105 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവം നടന്ന് മൂന്നര ദശാബ്ദം പിന്നിട്ട ശേഷവും പെരുമൺ ട്രെയിൻ ദുരന്തത്തിന് ആധാരമായ കാരണമെന്തെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യമായി അവശേഷിക്കുകയാണെന്ന് എം പി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ദുരന്ത സ്മാരകത്തിലും അഷ്ടമുടി കായലിലും അനുസ്മരണ കമ്മിറ്റി പുഷ്പാർച്ചന നടത്തി. ട്രെയിൻ പാസേഞ്ചേഴ്സ് അസോസിയേഷൻ, ഫിനിക്സ് വായനശാല എന്നിവയുടെ ആഭിമുഖ്യത്തിലും പുഷ്പാർച്ചന നടന്നു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി.ഷാജി അദ്ധ്യക്ഷനായി. മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, പനയം ഗ്രാമ പഞ്ചായത്തംഗം വി.പി.വിധു, അഡ്വ എസ്.ബിന്ദു കൃഷ്ണ, അഡ്വ. ജി.വിജയകുമാർ, ആർ.പി.പണിക്കർ, മങ്ങാട് സുബിൻ നാരായൺ, പെരുമൺ വിജയകുമാർ, പെരിനാട് വിജയൻ, പെരുമൺ ഷാജി, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ് എന്നിവർ പങ്കെടുത്തു.