കൊട്ടാരക്കര: അധികൃതർ കണ്ണ് തുറന്നു, കോട്ടാത്തല പണയിൽ- പള്ളിക്കൽ റോഡിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരമാകും. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് 80 ലക്ഷം രൂപ അനുവദിച്ചു. മറ്റ് നടപടികൾ പൂർത്തിയാകേണ്ട കാലതാമസമെടുക്കുമെങ്കിലും വലിയ ആശ്വാസത്തിലാണ് നാട്ടുകാർ. 'പണയിൽ - പള്ളിക്കൽ റോഡിൽ നിറയെ കുണ്ടും കുഴിയും' എന്ന തലക്കെട്ടോടെ ജൂൺ 27ന് കേരള കൗമുദി റോഡിന്റെ ദുരിതാവസ്ഥകൾ പ്രസിദ്ധീകരിച്ചിരുന്നു.
ടാറിംഗ് ഇളകി
മൈലം ഗ്രാമപഞ്ചായത്തിലെ പള്ളിക്കൽ പടിഞ്ഞാറ് വാർഡിൽ പെടുന്ന റോഡ് തകർച്ചയിലായിട്ട് ഏറെക്കാലമായി. കുത്തനെയുള്ള ഇറക്കത്തുപോലും പേരിനുപോലും ശേഷിക്കാതെ ടാറിംഗ് ഇളകിപ്പോയി. നിത്യവും അപകടങ്ങൾ ഉണ്ടാകുന്ന റോഡിലൂടെ ഭീതിയോടെയാണ് ഇരുചക്ര വാഹനങ്ങളുമായി നാട്ടുകാർ പോകുന്നത്. ഈ ബുദ്ധിമുട്ടുകളെല്ലാം അക്കമിട്ട് നിരത്തിയ വാർത്ത മന്ത്രിയുടെ ശ്രദ്ധയിലെത്തിയതോടെയാണ് നടപടി.