കൊല്ലം: കൊല്ലം എഫ്.സി.ഐ ഗോഡൗണിനോട് ചേർന്നുള്ള ലോറിത്താവളത്തിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കാൻ, നാറ്റ്പാക് ഉടൻ പഠനം നടത്തും.
ഏതെങ്കിലും ഏജൻസിയിൽ നിന്നു വായ്പയെടുത്ത് ഷോപ്പിംഗ് കോംപ്ലക്സും ബസ് സ്റ്റാൻഡും സഹിതമുള്ള മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കാനാണ് ആലോചന. ഇതിനായി സർക്കാരിന്റെ അനുമതി വാങ്ങാനും ധനകാര്യ ഏജൻസികളെ വായ്പയ്ക്ക് സമീപിക്കുമ്പോൾ വിശദരൂപരേഖയ്ക്കൊപ്പം സമർപ്പിക്കാനുമാണ് ട്രാഫിക് സ്റ്റഡി റിപ്പോർട്ട് തയ്യാറാക്കുന്നത്. പഠനം സംബന്ധിച്ച് കോർപ്പറേഷനും നാറ്റ്പാകും ധാരണയിലെത്തി. ഇതിനുള്ള വർക്ക് ഓർഡർ വൈകാതെ കോർപ്പറേഷൻ കൈമാറും.
1.62 ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് ലോറിത്താവളം സ്ഥിതി ചെയ്യുന്നത്. സമയം പാഴാകുമെന്നതിനാൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നിലവിൽ ചിന്നക്കട മുനിസിപ്പൽ ഷോപ്പിംഗ് കോപ്ലക്സിന് മുന്നിലെ സ്റ്റാൻഡിൽ എത്താറില്ല. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുറമേ നഗരകേന്ദ്രത്തിൽ എത്തുന്ന സ്വകാര്യ ബസുകളടക്കം വന്നുചേരുന്ന ബസ് സ്റ്റാൻഡ് കൂടിയാണ് നഗരസഭയുടെ ലക്ഷ്യം. കൊല്ലം എഫ്.സി.ഐയിൽ എത്തുന്ന ലോറികളാണ് ഇപ്പോൾ ലോറിത്താവളത്തിൽ പ്രധാനമായും പാർക്ക് ചെയ്യുന്നത്. മൊബിലിറ്റി ഹബ്ബ് വരുമ്പോൾ ലോറിത്താവളം കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള മറ്റേതെങ്കിലും ഭൂമിയിലേക്ക് മാറ്റും.
പഠന വിഷയങ്ങൾ
മൊബിലിറ്റി ഹബ്ബ് വരുമ്പോൾ പ്രദേശത്തുണ്ടാകുന്ന ഗതാഗത തിരക്ക്
തിരക്ക് പരിഹരിക്കാനുള്ള മാർഗ്ഗം
ഹബ്ബിൽ എത്താവുന്ന വാഹനങ്ങളുടെ എണ്ണം
നഗരഹൃദയത്തിന് ഉണ്ടാകുന്ന നേട്ടങ്ങൾ
30 കോടിയുടെ പദ്ധതി
വാഹനങ്ങളുടെ പാർക്കിംഗ്, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ സഹിതം 30 കോടിയാണ് മൊബിലിറ്റി ഹബ്ബിന് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ അമൃത് പദ്ധതിയിൽ നിന്ന് പണം വകയിരുത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനാലാണ് വായ്പയെടുക്കുന്നത്.