പാലത്തിന് 24. 21 കോടി ₹
158 മീറ്റർ നീളം 11 മീറ്റർ വീതി
4.33കോടി ₹ ഭൂ ഉടമകൾക്ക്
2025 ജനുവരിയിൽ ടെണ്ടർ
78 ഭൂ ഉടമകൾ - 136 സെന്റ് ഭൂമി
പടിഞ്ഞാറെ കല്ലട: കല്ലടയാറിന്റെ ഇരുകരകളായ പടിഞ്ഞാറേ കല്ലട ,മൺട്രോത്തുരുത്ത്, പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കല്ലടയാറിന് കുറുകെ നിർമ്മിക്കുന്നതുമായകണ്ണങ്കാട്ട് കടവ് പാലത്തിന്റെ ഭൂമിയേറ്റെടുക്കൽ നടപടി ദ്രുതഗതിയിൽ നടക്കുന്നു. 2024 ജനുവരിയിൽ 4.33കോടി രൂപ നിർവഹണ ഏജൻസി ഭൂ ഉടമകൾക്ക് നൽകുന്നതിലേക്ക് കിഫ്ബിവിഭാഗംതഹസിൽദാർക്ക് കൈമാറി. ഈ തുക ഡിസംബർ 31ന് മുമ്പ് ഭൂ ഉടമകൾക്ക് കൊടുത്തു തീർക്കാനും രേഖകൾ ഹാജരാകാത്തവരുടെ തുകകൾ കോടതിയിൽ കെട്ടിവയ്ക്കാനുമാണ് അധികൃതരുടെ തീരുമാനം.
ആർ.ആർ പാക്കേജ് പദ്ധതി
ഭൂ ഉടമകളിൽ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി കിഫ്ബിക്ക് കൈമാറുന്നതോടെ 2025 ജനുവരിയിൽ പാലത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിക്കുവാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. നിലവിൽ 78 ഭൂ ഉടമകളിൽ നിന്നായി 136 സെന്റ് ഭൂമിയാണ് പാലത്തിനും സമാന്തര റോഡിനുമായി ഇരുകരകളിൽ നിന്ന് ഏറ്റെടുത്തത്. ഏറ്റെടുത്ത സ്ഥലത്ത് ഉപജീവനം നടത്തിവന്നിരുന്ന, തൊഴിൽ നഷ്ടമാകുന്നതുമായ ചായക്കടക്കാർ, ജങ്കാർ തൊഴിലാളികൾ തുടങ്ങി ഒമ്പതോളം പേർ ആർ.ആർ പാക്കേജ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കും നഷ്ടപരിഹാരത്തുക ലഭിക്കും. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള എൻക്വയറി സംബന്ധിച്ച ജോലികളാണ് ഇപ്പോൾ കൊല്ലം എൽ.എ വിഭാഗം തഹസീൽദാർ ഓഫീസിൽ നടക്കുന്നത് .
ദൂരം ചുരുങ്ങും
24. 21 കോടി രൂപയാണ്പാലം നിർമ്മാണത്തിനായി സർക്കാർ അനുവദിച്ചത്.158 മീറ്റർ നീളത്തിലും11 മീറ്റർ വീതിയിൽ അഞ്ച് സ്പാനുകളിലായിട്ടാണ് പാലത്തിന്റെ നിർമ്മാണം. കണ്ണൻകാട്ട് കടവിൽ നിന്ന് 3 കിലോമീറ്റർ അകലെ അഷ്ടമുടിക്കായലിന് കുറുകെ നിർമ്മിക്കുന്ന പെരുമൺ പാലത്തിന്റെ പണി അന്തിമഘട്ടത്തിലാണ് . നിലവിൽ കണ്ണങ്കാട്ടു കടവിൽ നിന്ന് കൊല്ലത്തേക്ക് 27 കിലോമീറ്റർ ദൂരമുണ്ട്. ഇരു പാലങ്ങളുടെയും പണി പൂർത്തീകരിയ്ക്കുന്നതോടെ കൊല്ലത്തേക്കുള്ള ദൂരം 10 കിലോമീറ്ററായി ചുരുങ്ങും. കൂടാതെ കായംകുളം കൊല്ലം ബൈപ്പാസായും ഈ റൂട്ട് പ്രയോജനപ്പെടുത്താം.
ഭൂമി ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലാണ്. ഏറ്റെടുത്ത ഭൂമിയുടെ ഉടമകളിൽ നിന്ന് ആവശ്യപ്പെട്ട രേഖകൾ ഇനിയും ഹാജരാക്കിയിട്ടില്ലാത്തവർ എത്രയും വേഗം കിഫ്ബിയുടെ എൽ.എ വിഭാഗം തഹസിൽദാർ ഓഫീസിൽ ഹാജരാകണം.
ബി. ദ്വിതീപ് കുമാർ,
തഹസിൽദാർ ,
എൽ.എ വിഭാഗം കിഫ്ബി ,കൊല്ലം