കരുനാഗപ്പള്ളി: വെള്ളനാത്തുരുത്ത് , പണ്ടാരത്തുരുത്ത് തുറകൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ച് ചവറ ഐ.ആർ.ഇ. ഇവിടെ കരിമണൽ ഖനന പ്രദേശത്തിന്റെ ഭാഗമായതിനാലാണ് സംരക്ഷണമൊരുക്കിയത്. ശക്തമായ തിരമാലകളെ പോലും ചെറുക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. പണിക്കർ കടവ് പാലം മുതൽ തൊക്കോട്ടാണ് സമുദ്ര തീര സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്.
പാലവും കടലും 50 മീറ്റർ അകലം
കടൽഭിത്തിക്ക് 2 കി.മീ. ദൈർഘ്യം
66.36 ലക്ഷം രൂപ ചെലവ്
4000 ടൺ കരിങ്കൽ
500 കി.ഗ്രാം മുതൽ 2000 കി.ഗ്രാം വരെ ഭാരം
4 പുലിമുട്ടുകൾ
100 മീറ്റർ നീളത്തിൽ
25 വർഷം ആയുസ്
തീര സംരക്ഷണത്തിനായി
11.57 കോടി ചെലവിട്ട് ഐ.ആർ.ഇ
പണിക്കർകടവ് പാലവും സംരക്ഷണയിൽ
പണിക്കർകടവ് പാലം പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് കടൽ ഭിത്തിയുടെ നിർമ്മാണം. ഇവിടെ പാലവും കടലും തമ്മിൽ 50 മീറ്റർ അകലം മാത്രമാണുള്ളത്. 2 കിലോമീറ്റർ ദൈർഘ്യത്തിൽ നിടമ്മിച്ച കടൽ ഭിത്തിക്ക് 66.36 ലക്ഷം രൂപയാണ് ഐ.ആർ.ഇ കമ്പനി ചെലവഴിച്ചത്. കടൽ ഭിത്തി നിർമ്മാണത്തിന് 4000 ടൺ കരിങ്കലാണ് വേണ്ടി വന്നത്. തിരമാലകളെ തടയാൻ കഴിയുന്ന 500 കിലോഗ്രാം മുതൽ 2000 കിലോഗ്രാം വരെ ഭാരം വരുന്ന കരിങ്കലാണ് ഉപയോഗിച്ചത്. കോന്നി , തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പാറകൾ കൊണ്ടുവന്നത്.
പുലിമുട്ടുകളും
കടലാക്രമണത്തെ തടയാൻ 4 പുലിമുട്ടുകളും നിർമ്മിച്ചിട്ടുണ്ട്. തീരത്തു നിന്ന് കടലിലേക്ക് 100 മീറ്റർ നീളത്തിലാണ് പുലിമുട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. തിരമാലകളെ 100 മീറ്റർ ഉള്ളിൽ വെച്ച് മുറിക്കുന്നതിനാൽ ശക്തി കുറയുകയും കടൽ ആക്രമണത്തിൽ നിന്ന് തീരത്തെ പൂർണമായും സംരക്ഷിക്കാനും കഴിയും. ചെന്നൈ ആസ്ഥാനമാക്കിയുള്ള ഐ.ഐ.ടി രൂപകല്പന ചെയതതാണ് പുലിമുട്ടുകൾ. ഇതിന് 25 വർഷത്തെ ആയുസ് ഉണ്ടായിരിക്കുമെന്ന് ഐ.ആർ.ഇ അധികൃതർ പറഞ്ഞു. എല്ലാ വർഷവും ആവശ്യമായ മെയിന്റനൻസ് നടത്തിയാൽ പുലിമുട്ടിന്റെ ആയുസ് വർദ്ധിപ്പിക്കാനും കഴിയും. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തീര സംരക്ഷണത്തിനായി 11.57 കോടി രൂപയാണ് ഐ.ആർ.ഇ കമ്പനി ചെലവിട്ടത്.