ഓച്ചിറ: ബഡ്സ് സ്കൂളിന് അനുവദിച്ച ബസ് എട്ട് മാസമായി കുട്ടികൾക്കായി ഉപയോഗിക്കാതെ കട്ടപ്പുറത്തു കയറ്റി വെച്ചു നശിപ്പിക്കുന്നതിൽ പ്രതിഷേധം. സി.ആർ മഹേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിന് അനുവദിച്ച ബസാണ് മാസമായി കട്ടപ്പുറത്തിരിക്കുന്നത്. ഡ്രൈവർ നിയമനം നടത്തി സ്കൂൾ ബസ് കുട്ടികൾക്ക് പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. രാഷ്ട്രീയ താല്പര്യം മുൻ നിർത്തി ക്ലാപ്പന ഗ്രാമപഞ്ചായത്ത് പരിധിയിൽ എം.എൽ.എയുടെ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമം പഞ്ചായത്ത് ഭരണസമിതി നടത്തുന്നതായും സമരക്കാർ ആരോപിച്ചു. തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.ശ്രീകുമാർ, കോൺഗ്രസ് നേതാവ് ജി.ബിജു എന്നിവർ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഈ മാസം ഇരുപതാം തീയതിക്കുള്ളിൽ ഡ്രൈവർ നിയമനം നടത്തി ബസ് കുട്ടികൾക്ക് നൽകും എന്ന ഉറപ്പിൽ ഉപരോധം അവസാനിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് ക്ലാപ്പന, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബിൻഷാ, കെ.എസ്.യു ജില്ലാ സെക്രട്ടറി സഫിൽ, സജിൻ ദാസ്, ഷഹിൻ, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി