കൊട്ടാരക്കര: കലയിലും വാക്ചാതുരിയിലും മികവുകാട്ടിയാണ് അനഘ പ്രകാശ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നടന്നുകയറിയത്. ഇടതുപക്ഷ കുടുംബാംഗമാണെങ്കിലും ശാസ്താംകോട്ട ഡി.ബി കോളേജിലെ ബിരുദ പഠന കാലത്താണ് അനഘ എസ്.എഫ്.ഐയിൽ സജീവമായത്. ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നപ്പോഴേക്കും പക്വതയുള്ള വിദ്യാർത്ഥി നേതാവായി.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായി മറ്റ് കാമ്പസുകളിലടക്കം പ്രസംഗിക്കാൻ പോകാറുണ്ട്. കലാപ്രവർത്തകരെ കൂട്ടിവിളക്കാൻ അനഘയ്ക്ക് പ്രത്യേക മികവുണ്ടായിരുന്നു. പെൺകുട്ടികളുടെ സംഘടനയായ മാതൃകത്തിന്റെ ജില്ലാ ജോ.കൺവീനറും ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ളോക്ക് എക്സി.അംഗവുമായി. കോളേജിലും യൂണിവേഴ്സിറ്റി തലങ്ങളിലും നൃത്ത നൃത്തേതര മത്സരങ്ങളിൽ സമ്മാനങ്ങളും വാരിക്കൂട്ടി. ചെറു പ്രായത്തിൽ തന്നെ ഭരതനാട്യത്തിലടക്കം പരിശീലനം ലഭിച്ചിരുന്നു. അദ്ധ്യാപികയാകണമെന്ന മോഹത്തോടെയാണ് വെണ്ടാർ ശ്രീവിദ്യാധിരാജ ബി.എഡ് കോളേജിൽ ചേർന്നത്. അവിടെയും കൂട്ടുകാരുടെ നേതാവായി. സെപ്തംബറിൽ കോഴ്സ് പൂർത്തിയാകുമ്പോൾ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് സഹപ്രവർത്തകർക്ക് ഉറപ്പ് കൊടുത്തിരുന്നു. എന്നാൽ അപ്രതീക്ഷിത വാഹനാപകടത്തിൽ ആ ജീവൻ പൊലിഞ്ഞു. മാതാപിതാക്കൾ ജോലിയ്ക്കായി സംസ്ഥാനത്തിന് പുറത്തായതിനാൽ ഹോസ്റ്റൽ മുറിയിൽ ഒറ്റപ്പെട്ട ജീവിതമായിരുന്നെങ്കിലും അവിടെ നിന്ന് ഇറങ്ങിയാൽ അനഘ പ്രകാശ് പൊതു ഇടങ്ങളിലെല്ലാം സജീവമായിരുന്നു. അനഘ പ്രതീക്ഷയുണർത്തിയ വിദ്യാർത്ഥി നേതാവായിരുന്നുവെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഫേസ് ബുക്കിൽ കുറിച്ചത് അക്ഷരംപ്രതി ശരിയെന്ന് എല്ലാവരും സമ്മതിക്കുന്നു.