കൊല്ലം: കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് സ്വദേശിയായ യുവതിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്ക് അരയശേരി വീട്ടിൽ ഹരീഷാണ് (39) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി 10.30 ഓടെ മദ്യപിച്ചെത്തിയ ഹരീഷ് കിടപ്പ് മുറിയിൽ കതകടച്ചിരുന്ന ഭാര്യയെ കമ്പിവടി ഉപയോഗിച്ച് കതക് തല്ലിത്തകർത്ത് അകത്ത് പ്രവേശിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സുഖമില്ലാതിരുന്ന മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ രശ്മി ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. മുറിക്കുള്ളിൽ പ്രവേശിച്ച് അസഭ്യവർഷവും വധഭീഷണിയും മുഴക്കി ഭാര്യയെ ശരീരമാസകലം ഇരുമ്പ് പൈപ്പ്‌കൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇരു കൈകൾക്കും കാലുകൾക്കും മുറിവും ചതവും സംഭവിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി എസ്.ഐമാരായ ജിഷ്ണു, ഷിജു, റഹീം, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒ പ്രമോദ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.