കൊല്ലം: കൊല്ലം ബീച്ചിൽ മദ്ധ്യപ്രദേശിലെ ഇൻഡോർ ബീച്ചിന്റെ മാതൃകയിൽ കച്ചവട സ്റ്റാളുകളൊരുക്കാൻ പദ്ധതിയുമായി കോർപ്പറേഷൻ. സന്ദർശകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുള്ള വിപണ സൗകര്യമാണ് ലക്ഷ്യം. കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കുന്ന രൂപരേഖ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ച് വൈകാതെ അംഗീകാരം വാങ്ങും.

നിലവിൽ കൊല്ലം ബീച്ചിലെ മണൽപ്പരപ്പിലാണ് കച്ചവടങ്ങൾ നടക്കുന്നത്. സന്ദർശകരെ അപകടത്തിലാക്കുന്ന തരത്തിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് പാചകം. യാതൊരു നിയന്ത്രണവുമില്ലാത്ത തരത്തിൽ ഓരോ ദിവസവും പുതിയ കച്ചവടക്കാർ എത്തുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടക്കം ലൈസൻസില്ലാതെയാണ് ഉന്തുവണ്ടികളിൽ ഭക്ഷണ വിപണനം. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും മണൽപ്പരപ്പിൽ തന്നെയാണ് ഉപേക്ഷിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് കൂടി പരിഹാരം കാണാനാണ് മണൽപ്പരപ്പിന് പുറത്ത് ഷോപ്പുകൾ തയ്യാറാക്കുന്നത്.

ബീച്ച് കേന്ദ്രീകരിച്ച് സ്ഥിരമായി കച്ചവടം നടത്തുന്നവരെ സർവ്വേയിലൂടെ കണ്ടെത്തിയാകും ഷോപ്പുകൾ അനുവദിക്കുക. പുതിയ സ്റ്റാളുകൾ വരുന്നതോടെ മണൽപ്പരപ്പിൽ കച്ചവടം അനുവദിക്കില്ല. നേരത്തെയും സമാനമായ പദ്ധതി കോർപ്പറേഷൻ തയ്യാറാക്കിയിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

സ്റ്റാളുകൾ രണ്ട് വലിപ്പത്തിൽ

 ഭക്ഷണ സ്റ്റാളുകൾ കുടുതൽ വലിപ്പം
 എല്ലാ സ്റ്റാളുകളിലും കുടിവെള്ളവും വൈദ്യുതിയും

 നിരീക്ഷണ കാമറകൾ

 ഭക്ഷണ സ്റ്റാളുകൾക്ക് ലൈസൻസ് നിർബന്ധം

 സജ്ജമാക്കുന്നത് പാർക്കിംഗ് പ്രദേശത്ത്

 സ്റ്റാളുകൾ നിശ്ചിത വാടക

ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കിയ പ്രാഥമിക രൂപരേഖ വികസിപ്പിക്കാൻ കോർപ്പറേഷൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അതുകൂടി ഉൾപ്പെടുത്തി വിശദരൂപരേഖ തയ്യാറാക്കും

സജീവ് സോമൻ (കോർപ്പറേഷൻ മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ)