മീൻ കൊയ്ത് മത്സ്യത്തൊഴിലാളികൾ

കൊല്ലം: മഴവെള്ളം ഒഴുകിയെത്തി തീരക്കടൽ തണുത്തതോടെ വലനിറയെ മീൻ ലഭി​ച്ച് മത്സ്യത്തൊഴി​ലാളി​കൾ. രണ്ട് ദിവസമായി കൊല്ലം തീരത്ത് നിന്നു പോകുന്ന വള്ളങ്ങൾക്ക് നല്ല കൊയ്ത്താണ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കുത്തനെ ഉയർന്ന മത്സ്യവിലയിലും ഇടിവുണ്ടായി.

നെത്തോലി, കിളിമീൻ, പൊള്ളൽച്ചൂര, അയല, പരവ തുടങ്ങിയ ഇനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തെ വള്ളക്കാർക്ക് കിട്ടി​യത്. ഇന്നലെ നാരൻ കൊഞ്ചും ലഭിച്ചു. എന്നാൽ ചാള കാര്യമായി കിട്ടുന്നില്ല. വലിയൊരു വിഭാഗം വള്ളങ്ങൾക്ക് രണ്ട് ദിവസമായി നെത്തോലി കിട്ടുന്നതിനാൽ വില കുത്തനെ ഇടിഞ്ഞു. 30 മുതൽ 40 വരെയായിരുന്നു കൊല്ലം തീരത്ത് ഇന്നലെ ഒരു കി​ലോ നെത്തോലിയുടെ വില. ട്രോളിംഗ് നിരോധനത്തിന്റെ ആദ്യനാളുകളിൽ വൻ ഡിമാൻഡായിരുന്ന കിളിമീന്റെ വിലയും ഇടിഞ്ഞു. വള്ളങ്ങൾ കൂട്ടത്തോടെ കടലിൽ പോകുന്നതിനാൽ വാടി ഹാർബറിൽ ഇപ്പോൾ 24 മണിക്കൂറും മത്സ്യം ലഭിക്കുന്നുണ്ട്. മത്സ്യലഭ്യത കാര്യമായി തുടർന്നാൽ ട്രോളിംഗ് നിരോധനം അവസാനിക്കുന്നത് വരെ വാടി ഹാർബർ സജീവമായി തുടരും.

ഇനം, വില (കി​ലോയ്ക്ക്)

 നെത്തോലി: 30-40
 കിളിമീൻ വലുത്:170- 200
 കിളിമീൻ ചെറുത്: 120
 പൊള്ളൽച്ചൂര: 150- 170
 ചാള: 220- 240
 പരവ: 350
 നാരൻ കൊഞ്ച്: 300-380